ദുബായ്: ദുബായിലെത്തുന്ന രാജ്യാന്തര ഒറ്റരാത്രി സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടിരണ്ടിയോളം വളര്‍ച്ച. ഈ വര്‍ഷം ജൂണ്‍ വരെ 71.2 ലക്ഷം സന്ദര്‍ശകരാണു നഗരത്തിലെത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 25.2 ലക്ഷം പേരാണ് എത്തിയത്.
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിനു മുന്‍പ് 2019 ലെ ആദ്യ പകുതിയിലെ സംഖ്യയ്ക്കടുത്താണ്. 2019ലെ ആദ്യ ആറുമാസത്തില്‍ 83.6 ലക്ഷം വിനോദസഞ്ചാരികളാണു ദുബായിലെത്തിയത്. ആഗോള സമ്പദ്വ്യവസ്ഥയിലും ടൂറിസം മേഖലയിലും അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നേട്ടമെന്നതു ശ്രദ്ധേയമാണെന്നു ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് അഭിപ്രായപ്പെട്ടു.
ഈ പ്രവണത ഈ വര്‍ഷത്തിന്റെ ബാക്കി മാസങ്ങളിലും തുടര്‍ വര്‍ഷങ്ങളിലും വിനോദസഞ്ചാര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയില്‍ ദുബായിയെ ഉറപ്പിച്ചുനിര്ത്തുവെന്ന വിലയിരുത്തലിലാണ് അധികൃതര്‍. കൂടാതെ, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള ദുബായിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായും അവര്‍ കരുതുന്നു.
ഈ വര്‍ഷത്തെ ജൂണ്‍ വരെയുള്ള രാജ്യാന്തര സന്ദര്‍ശകരില്‍ 22 ശതമാനം വരുന്ന വിനോദസഞ്ചാരികളുടെ വരവില്‍ പടിഞ്ഞാറന്‍ യൂറോപ്പിന് ഗണ്യമായ പങ്കുണ്ട്. മൊത്തം സന്ദര്‍ശകരില്‍ 16 ശതമാനവും ദക്ഷിണേഷ്യയില്നിന്നാണ്. റഷ്യ, സി ഐ എസ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നായി 11 ശതമാനം സന്ദര്‍ശകരും എത്തി.
ജൂണ്‍ വരെ ഹോട്ടല്‍ മേഖലയിലെ ശരാശരി താമസം 74 ശതമാനമായിരുന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ്. 2021-ന്റെ ആദ്യ പകുതിയിലെ ഇത് 62 ഉം 2019-ന്റെ ആദ്യ പകുതിയില്‍ 76 ശതമാനവുമായിരുന്നു.
ട്രിപ് അഡൈ്വവെസര് ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2022-ല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്സ്പോ 2020 ദുബായില്‍ രണ്ടു കോടി പേരാണു സന്ദര്‍ശിച്ചത്.
ടൂറിസത്തിലേക്കു നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) ആകര്‍ഷിക്കുന്നതില്‍ ദുബായ് അടുത്തിടെ ലോകത്ത് ഒന്നാം റാങ്ക് നിലനിര്‍ത്തിയിരുന്നു. 2021ല്‍ 30 എഫ് ഡി ഐ പദ്ധതികളിലായി 6.4 ബില്യണ്‍ ദിര്‍ഹമാണു ദുബായ് നേടിയത്. ദി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ എഫ് ഡി ഐ മാര്‍ക്കറ്റ് ഡേറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.