ദുബായ്: ദുബായിലെ റോഡുകളുടെ നിലവാരം വിലയിരുത്താന്‍ നവീകരിച്ച ഓട്ടോമേറ്റഡ് സംവിധാനവുമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ ടി എ). റോഡുകളെ പ്രത്യേക വാഹനത്തില്‍ ഘടിപ്പിച്ച ലേസര്‍ സംവിധാനം ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണു നിലവാരം മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ അറ്റകുറപ്പണികള്‍ സമയബന്ധിതമായി തീരുമാനിക്കും.
റോഡുകളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തിലെന്നപോലെ നടപ്പാതകള്‍ കൈകാര്യം ചെയ്യുന്നതും ലക്ഷ്യമിടുന്നതു കൂടിയാണ് ഈ സംവിധാനം. 99 ശതമാനം കൃത്യത ഉറപ്പുവരുത്തുന്ന തരത്തിലുള്ളതാണു പുതിയ ഓട്ടോമേറ്റഡ് സംവിധാനം.
ഡേറ്റ കൃത്യത ഉറപ്പുവരുത്തുന്നതിനായി റോഡ് ശൃംഖലയെ 100 മീറ്ററില്‍ കൂടാത്ത ഭാഗങ്ങളായി വിഭജിച്ചു. ഇതുവഴി കേടുപാടുകള്‍ സംവിധാനം സ്വയമേവ കൃത്യമായി കണ്ടെത്തി അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുന്നു. ഒപ്പം റോഡ് പരിശോധനാ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
സ്‌കാനര്‍ സംവിധാനമുള്ള വാഹനം എല്ലാ റോഡുകളിലൂടെയും സഞ്ചരിച്ചാണു ഡേറ്റ ശേഖരിക്കുക. റോഡിന്റെ ഉപരിതലത്തിനൊപ്പം ഉള്‍ഭാഗത്തെയും ചിത്രം ലേസര്‍ സ്‌കാനിങ്ങിലൂടെ ലഭ്യമാവും. ഇത്തരത്തില്‍ ഓരോ റോഡും ഡിജിറ്റല്‍ രൂപത്തിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതുവഴി റോഡില്‍ വിള്ളലോ മറ്റോ വലിയ തോതില്‍ പ്രത്യക്ഷമാകുന്നതിനു മുന്‍പ് തന്നെ വിവരം ലഭിക്കുന്നു.
നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകളുള്ള റോഡുകളുടെ ഡിജിറ്റല്‍ പതിപ്പാണ് ഈ സംവിധാനം. റോഡ് ശൃംഖല വിലയിരുത്തുന്നതിനും അനുവദിച്ച ബജറ്റിനുള്ളില്‍ ഉചിതമായ അറ്റകുറ്റപ്പണികള്‍ തിരഞ്ഞെടുക്കുന്നതിനും ഇതു സഹായകരമാവുന്നു.
റോഡ് പരിശോധനയ്ക്കു ചെലവാകുന്ന തുകയില്‍ 78 ശതമാനം പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ലാഭിക്കാനാകുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്.