ദുബായ്: ഖത്തര്‍ ലോകകപ്പ് ആരാധകരെ ലക്ഷ്യമിട്ടുള്ള ദുബായിലെ ആദ്യ ഫുട്ബോള്‍ തീം ഹോട്ടല്‍ നവംബറില്‍ തുറക്കും. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്താണ് എന്‍ എച്ച് ദുബായ് ദി പാം എന്ന ഹോട്ടല്‍ ഉയര്‍ന്നിരിക്കുന്നത്.
ഫുട്ബോള്‍ ആരാധകര്‍ക്കു താമസിക്കാനും സൗകര്യപ്രദമായി ദോഹയില്‍ പോയിവരാനുമുള്ള പ്രധാനകേന്ദ്രമാകുകയെന്ന ലക്ഷ്യമിട്ടാണു ഹോട്ടലിന്റെ നിര്‍മാണം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള 533 മുറികളുള്ള ഹോട്ടലിനെ ഒരു മാസം നീളുന്ന ലോക കപ്പ് ടൂര്‍ണമെന്റിന്റെ പ്രധാന ആവേശകേന്ദ്രമാക്കി മാറ്റും. ലോക കപ്പ് ടിക്കറ്റുകളും വിമാനയാത്രാ പാക്കേജുകളും ഉള്‍പ്പടെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഒട്ടേറെ ഓഫറുകളാണ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്.
ഹോട്ടലിന്റെ അതിഥികള്‍ക്കു ടൂര്‍ണമെന്റിലുടനീളം മത്സരങ്ങളിലേക്കു പ്രവേശനം ഉണ്ടാകും. ഒപ്പം, ഹോട്ടലിന്റെ സ്‌പോര്‍ട്‌സ് ബാര്‍ ഫാന്‍ സോണായി മാറുകയും ചെയ്യും. ഒരു ദിവസത്തേക്കു ദോഹയിലേക്കു പറക്കുകയും ഹോട്ടലില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കു മത്സരങ്ങള്‍ കാണാന്‍ നഗരത്തിനു ചുറ്റുമുള്ള മറ്റു ഫാന്‍ സോണുകളിലേക്കു ടിക്കറ്റുകളും കിഴിവുകളും ലഭിക്കും. ദുബായ് ഹാര്‍ബറിലെ നഗരത്തിനു ചുറ്റുമുള്ള ഔദ്യോഗിക ഫാന്‍ സോണുകളായ കൊക്കകോള അരീന, ഡി ഐ എഫ്സി ഫുട്ബോള്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ മറ്റു മത്സരങ്ങള്‍ കാണാന്‍ ഷട്ടില്‍ ബസുകള്‍ ഏര്‍പ്പെടുത്തും.
ദുബായില്‍ താമസിക്കാന്‍ ആലോചിക്കുന്ന ഫുട്‌ബോര്‍ ആരാധകരുടെ പുതിയ താവളമായി ഹോട്ടല്‍ മാറുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. ദോഹയില്‍ താമസത്തിനു നേരത്തെ ബുക്കിങ് തുടങ്ങിയതിനാല്‍ അടുത്ത കേന്ദ്രം എന്ന നിലയില്‍ ദുബായിയൊണു ലോകമെമ്പാടുമുള്ള ആരാധകര്‍ തിരഞ്ഞെടുക്കുന്നത്. ദുബായില്‍നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് വിമാനത്തില്‍ ദോഹയിലെത്താം. തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ ദുബായില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബായ് ഉള്‍പ്പെടെ യു എ ഇ യിലെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകളിലും വന്‍ ബുക്കിങ്ങാണ് അനുഭവപ്പെടുന്നത്. എന്‍എച്ച് ദുബായ് ദ് പാമില്‍ താമസസൗകര്യത്തിനൊപ്പം ദുബായില്‍നിന്നു ദോഹയിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് പാക്കേജും എക്സ്പാറ്റ് സ്പോര്‍ട് ടൂറിസം ഏജന്‍സി ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ഫാന്‍സ് ദുബായ് എക്സ്പീരിയന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്‌പോര്‍ട്‌സ് ടൂര്‍ ഓപറേറ്ററാണു ഈ കമ്പനി.
ഖത്തര്‍ ലോകകപ്പിനു നവംബര്‍ 21നാണു കിക്ക് ഓഫ്. ടൂര്‍ണമെന്റ് ടിക്കറ്റിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 16ന് അവസാനിക്കും. 18 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണു ടിക്കറ്റ് വില്‍പ്പന. ഒരു മത്സരത്തിന് ഒരാള്‍ക്കു പരമാവധി ആറു ടിക്കറ്റ് മാത്രമേ നല്‍കൂ.