ദുബായ്: ദുബായിൽ വരുന്ന ഒരു മാസം കാഴ്ചകളുടെ ഉത്സവം. പേരുകേട്ട ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വർണാഭമായ വേദികൾ ഈ മാസം 26 നു ഉണരും. ഉത്സവം ആകർഷണീയമാക്കാനുള്ള ഒരുക്കങ്ങൾ ദുബായിൽ തകൃതിയായി നടക്കുകയാണ്.

ലക്ഷക്കണക്കിന് ഉപഭോക്താക്കളേയും ആരാധകരെയും വിസ്മയത്തുമ്പത്തു നിർത്തിയാണ് ഓരോ വർഷവും ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് കൊടി കയറുന്നത്. ഷോപ്പിങ്ങിന്റെ വിസ്മയകരമായ മുഖമാണ് മേളയിൽ ദിവസവും വെളിവാകുക. ലോകോത്തര ബ്രാൻഡുകളുടെ അതിപ്രസരം, മികച്ച ഓഫറുകൾ, ആഴ്ച തോറും പ്രഖ്യാപിക്കുന്ന കിഴിവുകൾ കൂടാതെ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ആഡംബര കാറുകൾ മുതൽ വമ്പൻ ലോട്ടറികൾ വരെ.

“ചില്ലറ വില്പന സാമ്രാജ്യത്തിന്റെ കിരീടത്തിലെ ഏറ്റവും അമൂല്യമായ രത്‌നമാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ. ഈ വർഷവും അതിന്റെ തിളക്കത്തിന് മാറ്റ് കൂടുകയാണ്. “ദുബായ് ഫെസ്റ്റിവൽ ആന്റ് റീറ്റെയ്ൽ എസ്ടാബ്ലിഷ്‌മെന്റിന്റെ സിഇഒ അഹമ്മദ് അൽ ഖാജാ ഐഎഎൻഎസിനോട് പറഞ്ഞു.

മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ലോക പ്രശസ്ത കലാകാരന്മാരും, ആഗോള വ്യവസായ പ്രമുഖരും മേളയുടെ പ്രധാന ആകർഷണങ്ങളാണ്.

“കഴിഞ്ഞ ഒരു വർഷമായി ലോകത്തെമ്പാടുമുള്ള ചില്ലറ വില്പന രംഗത്തെ പ്രഗത്ഭർ മുതൽ പ്രാദേശിക സംരംഭകർ വരെയുള്ളവരുമായി ചേർന്ന് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനായി പ്രവർത്തിക്കുന്നു. അതിഥികൾക്കും ഉപഭോക്താക്കൾക്കും അനുഭവമാകുന്നതോടൊപ്പം തന്നെ ദുബായുടെ സമ്പന്ന സംസ്കാരവും കൂടി ഈ മേളയോട് ബന്ധിപ്പിക്കാനാണ് ശ്രമം “-അഹമ്മദ് അൽ ഖാജാ വ്യക്തമാക്കുന്നു .

അനന്യമായ വിനോദ പരിപാടികളും കലാ വിരുന്നും പകരുന്ന മേള സംഘടിപ്പിക്കുന്നത് ദുബായ് ഫെസ്റ്റിവൽ ആന്റ് റീറ്റെയ്ൽ എസ്ടാബ്ലിഷ്‌മെന്റ് ആണ്. കുടുംബത്തിന് ഒന്നാകെ ആഘോഷമാക്കാനുള്ള വേദികളിൽ ആഭരണങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ ശേഖരം കാഴ്ചയുടെ നിറ വസന്തം ഒരുക്കും. അടുത്തമാസം 27 നു മേള സമാപിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook