ദുബായ്: ‘ദുബായ് സൂപ്പര്‍ കപ്പ് 2022’ന് സജ്ജമായി അല്‍-നാസര്‍ ക്ലബ്ബിലെ അല്‍ മക്തൂം സ്റ്റേഡിയം. ഡിസംബര്‍ എട്ടു മുതല്‍ 16 വരെയാണു ടൂര്‍ണമെന്റ്.
നാല് പ്രമുഖ യൂറോപ്യന്‍ ഫുട്ബോള്‍ ടീമുകളുടെ പങ്കാളിത്തമാണു ചാമ്പ്യന്‍ഷിപ്പിന്റെ ആകര്‍ഷണം. ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബുകളായ ലിവര്‍പൂള്‍, ആഴ്സണല്‍, ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ് എ സി മിലാന്, ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് ഒളിംപിക് ലിയോണൈസ് എന്നിവയാണു ടീമുകള്‍.
എട്ടിന് ആദ്യ മത്സരത്തില്‍ ആഴ്സണലും ഒളിമ്പിക് ലിയോണൈസും ഏറ്റുമുട്ടും. 11നു ലിവര്‍പൂള്‍ ഒളിമ്പിക് ലിയോണൈസുമായും 13ന് ആഴ്സണല്‍ എസി മിലാനുമായും 16നു ലിവര്‍പൂള്‍ എസി മിലാനുമായും മത്സരിക്കും. ഡിസംബര്‍ അവസാനവാരം ആരംഭിക്കുന്ന യൂറോപ്യന്‍ ലീഗുകളുടെ വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പായി ചാമ്പ്യന്‍ഷിപ്പ് വര്‍ത്തിക്കും.
ലിവര്‍പൂളിനുവേണ്ടി മുഹമ്മദ് സലാ (ഈജിപ്ത്), റോബര്‍ട്ടോ ഫിര്‍മിനോ (ബ്രസീല്‍), ആഴ്സണല്‍ താരം മുഹമ്മദ് എല്‍നെനി, ആഴ്സണലിന്റെ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ മഗല്‍ഹെസ്; നോര്‍വേ ദേശീയ ടീമിന്റെയും ആഴ്സണല്‍ ടീമിന്റെയും ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാര്‍ഡ്, എസി മിലാന്റെ അള്‍ജീരിയന്‍ താരം ഇസ്മായില്‍ ബിന്‍ നാസര്‍, ലിയോണ്‍ താരം അലക്സാണ്ടര്‍ ലകാസെറ്റ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ദുബായില്‍ പന്തു തട്ടും.
ലിവര്‍പൂള്‍, ആഴ്സണല്‍ ക്ലബ്ബുകള്‍ നാലിനു ദുബായിലെത്തും. ഒളിമ്പിക് ലിയോണൈസ് പ്രതിനിധികള്‍ അടുത്ത ദിവസവും എ സി മിലാന് ക്ലബ് പ്രതിനിധികള്‍ ആറിനുമെത്തും.
ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും (ഡി എസ് സി) അല്‍-നാസര്‍ ക്ലബ്ബിന്റെയും പങ്കാളിത്തത്തോടെ എ എം എച്ച് സ്പോര്‍ട്സാണു ‘ദുബായ് സൂപ്പര്‍ കപ്പ് 2022’ സംഘടിപ്പിക്കുന്നത്. ഡി എസ് സി ചെയര്മാന് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ”ദുബായ് സൂപ്പര്‍ കപ്പ് 2022” പന്തില്‍ ഒപ്പവച്ചു.
മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റുകഴിഞ്ഞു. ശേഷിക്കുന്നവ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിനു മുന്‍പ് വിറ്റുതീരുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.