ദുബായ്: ദുബായില്‍ സഹതാമസക്കാരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുത്തതുമായ കെട്ടിടങ്ങളില്‍ താമസിക്കുന്ന എല്ലാവരും സഹതാമസക്കാരെ റജിസ്റ്റര്‍ ചെയ്യണം.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റാണ് കെട്ടിട ഉടമകള്‍ക്കും വാടകക്കാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനികള്‍ക്കുമായി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ദുബായ് വാടക നിയമം അനുസരിച്ച്, വാടകയ്ക്കെടുത്ത അപ്പാര്‍ട്ടുമെന്റുകളോ വില്ലകളോ പങ്കിടുന്നതിനു വാടകക്കാര്‍ക്കു ഭൂവുടമകള്‍ അനുമതി നല്‍കേണ്ടതുണ്ട്.
വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താം. ദുബായ് റെസ്റ്റ് (Dubai REST) മൊബൈല്‍ ആപ്പ് വഴിയാണു റജിസ്റ്റര്‍ ചെയ്യേണ്ടത്. പരമാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ റജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നു ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് സര്‍ക്കുലറില്‍ പറയുന്നു.
ദുബായ് റെസ്റ്റ് ആപ്പില്‍ ലോഗിന്‍ ചെയ്ത് എട്ടു ഘട്ടങ്ങളിലൂടെ റജിസ്ട്രേഷന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. വ്യക്തിഗത വിവരങ്ങളും എമിറേറ്റ്സ് ഐഡിയും ചേര്‍ക്കുന്നതും ഈ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുന്നു. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്താല്‍, എജാരി വാടക കരാറിലെ സഹതാമസക്കാരുടെ വിശദാംശങ്ങള്‍ സ്വയം അപ്ഡേറ്റാവും.
ഒരു വീട്ടില്‍ താമസിക്കുന്ന എല്ലാ ആളുകളെയും റജിസ്റ്റര്‍ ചെയ്യുന്നത് വിലാസത്തിന്റെ തെളിവായി ഒരു ഇജാരി കരാര്‍ ഉപയോഗിക്കാന്‍ അനുവദിക്കും.
റജിസ്ട്രേഷന് ഇങ്ങനെ:
- Dubai REST മൊബൈല്‍ ആപ്പ് തുറന്ന് ലോഗിന്‍ ചെയ്യുക. പുതിയ ഉപയോക്താവാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം
- പെട്ടെന്നുള്ള ആക്സസിനായി ‘individual’ എന്ന റോള്‍ തിരഞ്ഞെടുത്ത് UAE PASS ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- UAE PASS ആപ്ലിക്കേഷന്‍ വഴി സ്വയം സാക്ഷ്യപ്പെടുത്തുക
- നിങ്ങള്‍ വാടകക്കാരന്/ഉടമയായ കെട്ടിടം ഡാഷ്ബോര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കുക
- തുടരുന്നതിനായി സഹതാമസക്കാര്‍ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക
- നിങ്ങള്‍ വാടകക്കാരനായ കെട്ടിടത്തിലേക്കു സഹതാമസക്കാരെ ചേര്‍ക്കാന്‍ ‘add more’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- എമിറേറ്റ്സ് ഐഡിയും സഹതാമസക്കാരന്റെ ജനനത്തീയതിയും നല്കി ‘verify’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- കെട്ടിടത്തില്‍ താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും ചേര്‍ക്കുക. ഒരു സഹതൊമസക്കാരെ നീക്കണമെന്നുണ്ടെങ്കില്‍ ‘delete’ ഐക്കണ്‍ തിരഞ്ഞെടുത്ത് ‘submit’ എന്നതിൽ ക്ലിക്ക് ചെയ്യുക.
അവിവാഹിതരായ ആളുകള്‍ക്കും ബന്ധുക്കളല്ലാത്ത ഫ്ളാറ്റ്മേറ്റുകള്ക്കും ഒരുമിച്ച് ജീവിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് യു എ ഇയിലെ കുടുംബ നിയമങ്ങളില്‍ 2020-ല്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. വിവാഹമോചനവും അനന്തരാവകാശവും സംബന്ധിച്ച നയങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായായിട്ടായിരുന്നു കുടുംബനിയമങ്ങളിലെ മാറ്റം.