ദുബായ്: വമ്പന്‍ വെടിക്കെട്ടും ആഘോഷങ്ങളുമായി പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ് നഗരം. ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടും ലൈറ്റ് ഷോയും രാത്രി 11.57 ന് ആരംഭിക്കും. എട്ടു മിനുട്ട് നീളും. അഞ്ച് മിനുട്ട് നീളുന്നതാണു വെടിക്കെട്ട്.

ദുബായിലെ 25 വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇത്തവണ ആഘോഷം. ഇവയില്‍ ബുര്‍ജ് ഖലീഫയിലേതാണ് ഏറ്റവും വലുത്. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനു വിപുലമായ ക്രമീകരമണങ്ങളാണു ദുബായ് പോലീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. രാത്രി 11.45 മുതല്‍ ദുബായിലെ ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം അടച്ചിടും. ബുര്‍ജ് ഖലീഫയ്ക്കു ചുറ്റും വിപുലമായ ഗതാഗത ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 1.6 ദശലക്ഷം സന്ദര്‍ശകരെത്തിയ ഡൗണ്‍ടൗണ്‍ ദുബായില്‍ സുരക്ഷിതമായ ആഘോഷവും സുഗമമായ വെടിക്കെട്ടും ഉറപ്പാക്കാന്‍ മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരും 600 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണു പ്രവര്‍ത്തിക്കുക. ഇത്തവണ ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

പുതുവത്സരാഘോഷത്തില്‍ ആംബുലന്‍സുകളും മോട്ടോര്‍ ബൈക്കുകളും ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രതികരണ വാഹനങ്ങള്‍ ലഭ്യമാകുമെന്ന് ദുബായ് ആംബുലന്‍സ് സര്‍വീസ് മേധാവി ഖലീഫ അല്‍ ദാരെ പറഞ്ഞു. രോഗികള്‍ക്ക് കാലതാമസം ഉണ്ടാകാതിരിക്കാന്‍ ബൊളിവാര്‍ഡിനു സമീപം ഫീല്‍ഡ് ഹോസ്പിറ്റലും സജ്ജമാക്കും. അടിയന്തിര സേവനങ്ങള്‍ സൈറ്റുകളിലേക്കുള്ള പ്രതികരണ സമയം നാല് മിനിറ്റില്‍ നിന്ന് രണ്ടായി കുറച്ചു.

ബുര്‍ജ് ഖലീഫ-ദുബായ് മാള്‍ മെട്രോ സ്റ്റേഷന്‍ ചൊവ്വാഴ്ച രാത്രി 10 മുതല്‍ പുതുവത്സര ദിനം രാവിലെ ആറു വരെ അടയ്ക്കും. എന്നാല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ എന്നിവയുള്‍പ്പെടെയുള്ള ചുറ്റുമുള്ള സ്റ്റേഷനുകള്‍ തുറക്കും.മെട്രോ റെഡ് ലൈനും ഗ്രീന്‍ ലൈനുകളും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ ജനുവരി രണ്ടിന് അര്‍ധരാത്രി വരെ 43 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.ദുബായ് ട്രാം ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ രണ്ടിനു പുലര്‍ച്ചെ ഒന്നു വരെ സര്‍വീസ് നടത്തും.

പുതുവത്സരം ആഘോഷമാക്കുന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണു ദുബായ്. ആയിരക്കണക്കിനു സന്ദര്‍ശകരാണു ലോകത്തെ വിവിധ ഭാഗങ്ങളില്‍നിന്നു ദുബായിലേക്ക് എത്തുന്നത്. ഹോട്ടല്‍ മുറികള്‍ പൂര്‍ണമായും ബുക്ക് ചെയ്തു കഴിഞ്ഞു. പ്രത്യേക വിഭവങ്ങളുമായി റസ്‌റ്റോറന്റുകളും ഒരുങ്ങിക്കഴിഞ്ഞു.

ലോകത്തെ ഏറ്റവും ജനപ്രിയവും ചെലവേറിയതുമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നു കൂടിയാണ് ദുബായ്. പുതുവത്സര ആഘോഷവേളയില്‍ ഡിമാന്‍ഡ് കൂടുതലായതിനാല്‍ ഹോട്ടല്‍ റൂം നിരക്കില്‍ 40 ശതമാനം വരെ വര്‍ധിക്കുന്നതു ദുബായില്‍ പതിവാണ്. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള മേഖലയിലിലെ റസ്‌റ്റോറന്റുകളിലെ മെനു വിലയിലും കാര്യമായ വര്‍ധനയുണ്ട്.

അജ്മാന്‍ കോര്‍ണിഷില്‍ മൂന്ന് വെടിക്കെട്ടുകള്‍ നടത്തുമെന്ന് അജ്മാന്‍ ടൂറിസം വികസന വകുപ്പ് അറിയിച്ചു. വെടിക്കെട്ട് അഞ്ചു മിനുട്ട് നീളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook