റിയാദ്: സൗദി ദേശീയ ദിനം ആഘോഷിക്കാൻ മിഡിൽ ഈസ്റ്റിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ദുബായ് എമിറേറ്റും ഒരുങ്ങി. സന്ദർശകരായി ദുബായ് വിമാനത്താവളത്തിൽ എത്തുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടിൽ രാജ്യത്തേക്ക് പ്രവേശിച്ചു എന്ന് സൂചിപ്പിക്കുന്ന ഇമിഗ്രേഷൻ സീലിന്‌ പുറമെ സൗദി -ഇമാറാത്ത് “ഞങ്ങൾ ഒന്ന്” എന്ന് അർഥം വരുന്ന അറബി വാചകം ഹാഷ് ടാഗോടെയുള്ള പച്ച നിറത്തിലുള്ള സീൽ പാസ്പ്പോർട്ടിൽ പതിയും. തുറന്ന് പച്ച വസ്ത്രമണിഞ്ഞ കുരുന്നുകൾ പൂക്കളും മധുരവും കൊടുത്ത് സൗദി പൗരന്മാരെ സ്വീകരിക്കും.

യുഎഇയിലെ ജനതയും സൗദി ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ “നമ്മൾ ഒന്നിച്ച് എല്ലായപ്പോഴും” എന്ന ഹാഷ് ടാഗിൽ ഇരു രാജ്യങ്ങളിലെ പൗരന്മാരും തമ്മിൽ സന്ദേശം കൈമാറി തുടങ്ങി. ചരിത്രപരമായ ദൃഢ ബന്ധമാണ് സൗദിയുമായുള്ളതെന്ന് പ്രമുഖർ ട്വീറ്റ് ചെയ്തു. മൊബൈൽ ഫോണുകളിൽ നെറ്റ്‌വർക്ക് കമ്പനിയുടെ പേര് പ്രദർശിപ്പിക്കുന്ന സ്ഥലത്ത് രാവിലെ മുതൽ ദൃശ്യമായത് “UAE KSA Together” എന്നാണ്. പ്രധാന കെട്ടിട സമുച്ചയങ്ങൾക്ക് മുകളിലും തെരുവുകളിലെ പരസ്യ ബോർഡുകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം വിളിച്ചോതുന്ന വാചകങ്ങൾ തെളിഞ്ഞിട്ടുണ്ട്. “എല്ലായ്പ്പോഴും ഒരുമിച്ച്‌, അവരുടെ വിജയം നമ്മുടെയും, സൗദി അറേബ്യ നമ്മുടെയും രാജ്യം , അവരുടെ ഭരണാധികാരിയിൽ നമുക്ക് അഭിമാനിക്കാം, ഇസ്ലാമിന്റെയും രാജ്യത്തിന്റെയും സംരക്ഷണത്തിന് നമ്മളൊരുമിച്ച് ” എന്ന് ഐക്യ അറബ് എമിറേറ്റുകളുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, ദുബായ് എമിറേറ്റിന്റെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ട്വീറ്റ് ചെയ്തത് വൈറലായി.

നഗരത്തിനുള്ളിലെ പ്രധാന പാർക്കുകളിലും റിസോർട്ടുകളിൽ വിവിധയിനം കലാപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ദുബായ് നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫ പച്ച ചുറ്റും. ദുബായ് മാൾ ഉൾപ്പടെ വിവിധ മാളുകളിൽ ആകർഷകമായ സമ്മാനങ്ങളും വിലക്കിഴിവും ആഘോഷത്തിന്റെ ഭാഗമായി നൽകി വരുന്നുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ