ദുബായ്: ടൂറിസത്തിലേക്കു നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) ആകര്‍ഷിക്കുന്നതില്‍ ലോകത്ത് ഒന്നാം റാങ്ക് നിലനിര്‍ത്തി ദുബായ്. 2021ല്‍ 30 എഫ് ഡി ഐ പദ്ധതികളിലായി 6.4 ബില്യണ്‍ ദിര്‍ഹമാണു ദുബായ് നേടിയത്. ദി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ എഫ് ഡി ഐ മാര്‍ക്കറ്റ് ഡേറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ടൂറിസം മേഖലയില്‍ ലോകം വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ദുബായിയുടെ ശ്രദ്ധേയമായ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിരആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന് ഷെയ്ഖ് ഹംദാന്‍ നന്ദി രേഖപ്പെടുത്തി
ദുബായിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, ബിസിനസ് സൗഹൃദ നയങ്ങള്‍, ആഗോള നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വഴക്കമുള്ള നിയന്ത്രണ അന്തരീക്ഷം എന്നിവ ലോകത്തെ എഫ് ഡി ഐ ലക്ഷ്യസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നിലനിര്‍ത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും ജോലി ചെയ്യാനും സന്ദര്‍ശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാനുള്ള അതിന്റെ തന്ത്രത്തിന് അനുസൃതമായാണ് ഇവ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദുബായുടെ ടൂറിസം മേഖലയിലെ പുതിയ നിക്ഷേപങ്ങളും പദ്ധതികളും വര്‍ഷത്തില്‍ 5,545 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ദുബായ് ഇന്‍വെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഏജന്‍സി പ്രസിദ്ധീകരിച്ച ദുബായ് എഫ് ഡി ഐ മോണിറ്റര്‍ റിപ്പോര്‍ട്ട് പറയുന്നു.
ലണ്ടന്‍, പാരീസ്, ഷാങ്ഹായ് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര അന്താരാഷ്ട്ര നഗരങ്ങളെക്കാളും ടൂറിസത്തിലേക്ക് എഫ്ഡിഐ ആകര്‍ഷിക്കുന്നതില്‍ ദുബായ് മുന്നിലെത്തിയ വിജയകരമായ അഞ്ച് വര്‍ഷമാണിത്. 2017-21 കാലയളവില്‍ 205 പദ്ധതികളിലൂടെ 83.5 ബില്യണ്‍ ദിര്‍ഹം നിക്ഷേപമാണു ദുബായ് ടൂറിസം മേഖലയിലുണ്ടായത്.
2021-ല്‍ 7.28 ദശലക്ഷം അന്താരാഷ്ട്ര ഒറ്റരാത്രി സന്ദര്‍ശകരെയാണു ദുബായ് സ്വാഗതം ചെയ്തത്. ദുബായ് എക്സ്പോ 2020 24 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ചു. ട്രൈപാഡ്വൈസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2022-ല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമായി ദുബായി് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2021 യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിര്‍മാണ മാറ്റത്തിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ്. എല്ലാ മേഖലകളിലുമായി നാല്‍പ്പലധികം നിയമങ്ങള്‍ പരിഷ്‌കരിച്ചു. ബിസിനസ് എളുപ്പമാക്കുന്നതിനും നിക്ഷേപകര്‍ക്ക് തടസരഹിതമായ പ്രവേശനം ഉറപ്പാക്കുന്നതിനും മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ജീവനക്കാര്‍ക്കായി 2021-ല്‍ അഞ്ച് വര്‍ഷത്തെ മള്‍ട്ടി-എന്‍ട്രി വിസ അവതരിപ്പിച്ചു. നിക്ഷേപകരെയും സംരംഭകരെയും പ്രത്യേക പ്രതിഭകളെയും ലക്ഷ്യമിട്ടുള്ള ജനപ്രിയ ഗോള്‍ഡന്‍ വിസ സംരംഭം, ദുബായ് പ്രോഗ്രാമുകളിലെ വെര്‍ച്വല്‍ വര്‍ക്കിങ്, റിട്ടയര്‍ എന്നിവയും അവതരിപ്പിച്ചു.