ദുബായ്: ദുബായിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ചടങ്ങുകൾക്കുള്ള സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാൻ ദുരന്ത നിവാരണ പരമോന്നത സമിതി തീരുമാനിച്ചു. ജനുവരി 27 ബുധനാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ ചടങ്ങുകൾക്ക് 10 പേരെ മാത്രമാണ് പങ്കെടുപ്പിക്കാനാവുകയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്കും ഹോട്ടലുകളിൽ നടക്കുന്ന ചടങ്ങുകൾക്കും ഇത് ബാധകമാണ്. പാർട്ടികളിലും പരമാവധി 10 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. സാമൂഹിക പരിപാടികൾ, മറ്റു ചടങ്ങുകൾ എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമാണ്.

പൊതു ചടങ്ങുകളിൽ രണ്ട് മീറ്റർ സാമൂഹ്യ അകലവും മാസ്കും നിർബന്ധമാണ്. നാല് സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിലാണ് കാണികൾക്ക് പ്രവേശനം അനുവദിക്കുക. വേദികളിൽ സ്റ്റൈർലൈസേഷൻ നടത്തണമെന്നും ഇക്കാര്യം അധികൃതർ പരിശോധിക്കുമെന്നും മീഡിയ സെന്റിന്റെ ട്വീറ്റുകളിൽ പറയുന്നു.

Read More: ലണ്ടൻ ടാക്സികൾ ഇനി ദുബായ് നഗരത്തിലെ നിരത്തുകളിലേക്കും

ദുബൈയിൽ നടക്കുന്ന ലൈവ് ഇവന്റുകളിലും നിയന്ത്രണമേർപ്പെടുത്തി. “ദുബായ് ഇന്റൽ സ്റ്റേഡിയത്തിലെ ഈജിപ്ഷ്യൻ താരം അംർ ഡയബിന്റെയും ദുബായ് ഓപ്പറയിലെ എൻറിക്കോ മക്കിയാസിന്റെയും കൺസേർട്ടുകളിൽ ഉൾപ്പെടെ, കർശനമായ മുൻകരുതൽ പ്രോട്ടോക്കോളുകൾ ഉറപ്പാക്കുമെന്ന് സ്ഥിരീകരിച്ചു,” എന്ന് ദുബായ് മീഡിയ സെന്റർ ട്വീറ്റ് ചെയ്തു.


അതേസമയം ഭക്ഷണശാലകളിലും കഫേകളിലും ടേബിളുകൾ തമ്മിലുള്ള അകലം രണ്ട് മീറ്ററിൽ നിന്ന് മൂന്ന് മീറ്ററായി വർധിപ്പിക്കാനും തീരുമാനമായി. ഭക്ഷണശാലകളിൽ ഒരേസമയം പ്രവേശിപ്പിക്കാവുന്നവരുടെ പരമാവധി എണ്ണം പത്തിൽനിന്ന് ഏഴായി കുറച്ചിട്ടുണ്ട്. കഫേകളിൽ നാല് പേർക്ക് മാത്രമാണ് ഒരേ സമയം പ്രവേശനം അനുവദിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook