ദുബായ്: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന മിക്ക സ്ഥാപനങ്ങളും തുറന്നുകൊണ്ട് ദുബായ് പതുക്കെ സാധാരണ ജീവിതത്തിലേക്ക്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സാമൂഹിക അകലം പോലെയുള്ള ശുചിത്വ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

ഇന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നവ ഇവയെല്ലാം

  • വിമാനത്താവളം
  • സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍
  • അക്കാദമിക്, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കുട്ടികളുടെ പരിശീലന, തെറാപ്പി കേന്ദ്രങ്ങള്‍
  • ഇഎന്‍ടി വിഭാഗത്തിലേത് ഉള്‍പ്പെടെയുള്ള ക്ലിനിക്കുകള്‍
  • ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍
  • സാമൂഹിക അകലവും മുഴുവന്‍ സമയ അണുനശീകരണവുമുള്ള സിനിമാ ഹാളുകള്‍
  • ദുബായ് മാള്‍ ഐസ് റിങ്ക്, ദുബായ് ഡോള്‍ഫിനേറിയം എന്നിവ പോലുള്ള വിനോദ, വിശ്രമ കേന്ദ്രങ്ങള്‍
  • കായിക അക്കാദമികള്‍, ഇന്‍ഡോര്‍ ജിമ്മുകള്‍, ഫിറ്റ്‌നസ്, ഹെല്‍ത്ത് ക്ലബ്ബുകള്‍

പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍, 60 വയസിനു മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവരെ ഷോപ്പിങ് സെന്ററുകള്‍, സിനിമാ തിയറ്ററുകള്‍, ജിമ്മുകള്‍ തുടങ്ങിയവയിലേക്കു പ്രവേശിപ്പിക്കില്ല. എല്ലാവരും എപ്പോഴും മാസ്‌ക് ധരിക്കണം.
എപ്പോഴും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.

Read More: ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണു സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.കോവിഡ് -19 സ്ഥിതി സംബന്ധിച്ചും ആരോഗ്യ, സാമൂഹിക-സാമ്പത്തിക വശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചും സമഗ്രമായ വിലയിരുത്തല്‍ നടത്തിയശേഷമാണു കമ്മിറ്റി ഈ തീരുമാനമെടുത്തത്. കോവിഡുമായി സഹവര്‍ത്തിക്കുന്നതു സംബന്ധിച്ച രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങളും കമ്മിറ്റി കണക്കിലെടുത്തിട്ടുണ്ട്.

മാളുകള്‍ക്ക് അവയുടെ ശേഷിയുടെ 70 ശതമാനം പ്രവര്‍ത്തിക്കാം. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാളുകള്‍ തുറക്കാം. ശേഷിയുടെ 50 ശതമാനം സ്ഥലത്തുമാത്രമേ ജിമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. 12 വയസിനു താഴെയും അറുപതിനു മുകളിലുമുള്ളവരെ പ്രവേശിപ്പിക്കില്ല. നീന്തല്‍, ജലകായിക ഇനങ്ങള്‍ എന്നിവ അനുവദനീയമല്ല.

രാത്രിയില്‍ വീടുകളില്‍ കഴിയേണ്ട സമയം നാളെ മുതല്‍ മൂന്നു മണിക്കൂര്‍ കുറച്ചു. രാത്രി എട്ടു മുതല്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങിറതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഇനി മുതല്‍ 11 മുതല്‍ രാവിലെ ആറുവരെയാണു നിര്‍ബന്ധമായും വീടുകളില്‍ കഴിയേണ്ടത്.

Read More: കോവിഡ് ബോധവല്‍ക്കരണം: ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഇലക‌്ട്രോണിക് ഗെയിമുമായി ദുബായ് പൊലീസ്

അബുദാബിയില്‍ രാത്രിസഞ്ചാര നിയന്ത്രണം രാത്രി എട്ടു മുതല്‍ രാവിലെ ആറുവരെ തുടരും. റാസല്‍ ഖൈമയില്‍ 45 ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 75 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാനാണ് അനുമതി. ഫുജൈറയിലും അജ്മാനിലും ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബാറുകളും തുറക്കാന്‍ ഉപാധികളോടെ അനുവദിച്ചിട്ടുണ്ട്.

അതിനിടെ, യുഎഇയില്‍ ഇന്ന് 779 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 31,086 ആയി. രോഗം ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 253 ആയി ഉയര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook