ദുബായ്: ഗതാഗതമേഖലയുടെ ഗതിമാറ്റത്തിന്റെ ചരിത്രമൂഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ച് ദുബായ്. ചൈനീസ് കമ്പനിയുടെ പറക്കും കാറിന്റെ ആദ്യ പൊതു യാത്ര വിജയരമായി പൂര്‍ത്തിയാക്കി.
ചൈനീസ് ടെക്നോളജി, ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ എക്സ്പെങ്ങിന്റെ രണ്ടു സീറ്റ് കാര്‍ ‘എക്സ് 2’ ഇന്നു വൈകീട്ടാണു ദുബായില്‍ പറന്നത്. സ്കൈഡൈവ് ദുബായില്‍നിന്നാണു കാര്‍ പറയുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജിടെക്സ് ഗ്ലോബല്‍ 2022 ന്റെ ഭാഗമായിട്ടായിരുന്നു പ്രദര്‍ശന പറക്കല്‍.
രണ്ട് സീറ്റുകളുള്ള സ്വയം നിയന്ത്രിത പറക്കും കാര്‍ 35 മിനിറ്റ് യാത്ര വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 130 കിലോമീറ്ററാണു പരമാവധി വേഗം. പ്രീമിയം കാര്‍ബണ്‍ ഫൈബര്‍ മെറ്റീരിയലില്നിന്ന് നിര്‍മിച്ച കാറിനു പാരച്യൂട്ട് സംവിധാനവുമുണ്ട്.
ലംബമായ ടേക്ക് ഓഫും ലാന്‍ഡിങ്ങും ഇന്റലിജന്റ് ഫ്ലൈറ്റ് കണ്ട്രോള് സിസ്റ്റവും കാറിന്റെ പ്രത്യേകതയാണ്.
പറക്കും കാര്‍ ദുബായില്‍ വാണിജ്യ ഉപയോഗത്തിനു ലഭ്യമാകുന്നതു സംബന്ധിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കാര്‍ ദുബായില്‍ വാണിജ്യപരമായി വിന്യസിക്കാമെന്നു പ്രതീക്ഷയെന്നു ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്റര്‍നാഷണല്‍ ഓഫീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അബ്ദുല്‍ അസീസ് അല്‍ഖാന്‍ പറഞ്ഞു.
ചടങ്ങില്‍ യു എ ഇയിലെ ചൈന കോണ്‍സല്‍ ജനറല്‍ ലി സു ഹാങ്, ദുബായ് ചേംബേഴ്സ് ആക്ടിങ് പ്രസിഡന്റും സി ഇ ഒയുമായ ഹസന് അല്‍ ഹാഷിമി, എക്സ്പെങ് വൈസ ചെയര്‍മാനും പ്രസിഡന്റുമായ ഡോ. ബ്രിയാന്‍ ഗു, ദുബായ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് എക്സ്പോര്‍ട്ട്സ് ഡെപ്യൂട്ടി സി ഇ ഒ മുഹമ്മദ് അല്‍ കമാലി എന്നിവര്‍ പങ്കെടുത്തു.