ദുബായ്: ലോക്ക് ഡൗണില്‍നിന്ന് പൂര്‍വസ്ഥിതിയിലേക്ക് അതിവേഗം തിരിച്ചുവരികയാണു ദുബായ്. മാളുകളും സിനിമാ തിയറ്ററുകളും വിനോദകേന്ദ്രങ്ങളും ജിമ്മുകളും സര്‍ക്കാര്‍ ഓഫീസുകളുമൊക്കെ തുറന്നുകഴിഞ്ഞ ദുബായ് സ്വന്തം നാട്ടിലേക്കു മടങ്ങിയവരെയും സന്ദര്‍ശകരെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ദുബായ് ഉള്‍പ്പെടുന്ന യുഎഇയിലേക്ക് 200,000 താമസക്കാരെ വിവിധ രാജ്യങ്ങളില്‍നിന്ന് തിരികെ കൊണ്ടുവരാനാണു പദ്ധതി. ഇതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിപുലമായ സംരഭം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. സാധുവായ റസിഡന്‍സി വിസയുള്ളവര്‍ക്കു മടങ്ങാന്‍ കഴിയും.

മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയപ്പോയവര്‍ക്കു കുടുംബാംഗങ്ങളുടെ അടുത്ത് എത്താനും സുപ്രധാന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചെത്തിക്കാനുമായിരിക്കും പ്രഥമ പരിഗണന. ഇങ്ങനെ മാര്‍ച്ച് 25 നും ജൂണ്‍ എട്ടിനുമിടയില്‍ 31,000 പേരെ തിരിച്ചെത്തിച്ചിട്ടുണ്ട്.

തിരിച്ചെത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുബായില്‍ തിരിച്ചെത്തുന്ന തിരിച്ചെത്തുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ക്വാറന്റൈന്‍ സംബന്ധിച്ച് ദുബായ് ടൂറിസം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഹോട്ടല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈന്‍ തെരഞ്ഞെടുക്കാം. ക്വാറന്റൈ സൗകര്യമുള്ള ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ദുബായിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം smartservices.ica.gov.ae
എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പായി അനുമതി നേടുകയും വേണം.

ക്വാറന്റൈയിന്റെ ആവശ്യകത, ക്വാറന്റൈന്‍ സൗകര്യമുള്ള ഹോട്ടലുകള്‍, നിരക്കുകള്‍, വീട് അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈനിന്റെ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും വരവിനു മുന്‍പായി യാത്രക്കാരെ അറിയിക്കും. വിമാന ടിക്കറ്റ് ബുക്കിങ് സമയത്തും ശേഷവും ഈ വിവരങ്ങള്‍ യാത്രക്കാര്‍ക്കു നല്‍കും.

Read Also: കോവിഡിന്റെ രൂക്ഷഘട്ടം വരാനിരിക്കുന്നു; നവംബറിൽ മൂർധന്യാവസ്ഥയിലെത്തുമെന്ന് പഠനം

തിരിച്ചെത്തുന്നവര്‍ കോവിഡ്-19 പരിശോധനയ്ക്കു വിധേയരാകുകയും വിമാനത്താവളത്തില്‍നിന്ന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കോവിഡ്-19 ഡിഎക്‌സ്‌ബി ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സത്യവാങ്മൂലത്തില്‍ ഒപ്പിടുകയും വേണം. ഹോം ക്വാറന്റൈനിനുള്ള അപേക്ഷ കൃത്യമായി പരിശോധിക്കും. തൃപ്തികരമല്ലെന്നു കണ്ടെത്തിയാല്‍ ഹോട്ടല്‍ ക്വാറന്റൈനിലേക്കു മാറേണ്ടി വരും.

ഹോട്ടല്‍ ക്വാറന്റൈൻ: പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ

ഹോട്ടല്‍ ക്വാറന്റൈനായി യാത്രയ്ക്കു മുന്‍പ് ബുക്ക് ചെയ്യണം. മുഴുവന്‍ സമയവും മുറിയില്‍ തുടരണം. മുറികള്‍ സ്വയം വൃത്തിയാക്കണം. ക്വാറന്റൈനിടെ വൈറസ് ഉണ്ടായാല്‍ മുറി അണുവിമുക്തമാക്കാന്‍ അധിക നിരക്ക് ഈടാക്കുന്നത് തടയും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ദിവസത്തില്‍ മൂന്ന് തവണ ഭക്ഷണം നല്‍കും. ഇല്ലെങ്കില്‍ ഓണ്‍ലൈനായി പണമടച്ച് പാര്‍സല്‍ വാങ്ങേണ്ടി വരും.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഡോക്ടറുമായി വിദൂര കണ്‍സള്‍ട്ടേഷന് എപ്പോഴും അവസരം ലഭിക്കും. പൊതുസ്ഥലങ്ങളില്‍ മുഖാവരണവും കയ്യുറകളും ധരിക്കണം. എപ്പോഴും രണ്ടു മീറ്റര്‍ സാമൂഹികാകലം പാലിക്കണം. ഹോട്ടല്‍ ക്വാറന്റൈന്‍ തെരഞ്ഞെടുത്തവര്‍ 14 ദിവസത്തിനുശേഷം ഒഴിയണം.

വീട് ക്വാറന്റൈൻ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട് ക്വാറന്റൈന്‍ തെരഞ്ഞെടുക്കുമ്പോള്‍ ശുചിമുറി സംവിധാനമുള്ള പ്രത്യേക പ്രവേശനമുള്ള മുറിയിലാണു കഴിയേണ്ടത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാഹചര്യമുണ്ടാകാതെ പൂര്‍ണമായും ഒറ്റപ്പെട്ടു കഴിയണം. വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കുള്ള ഗതാഗതം യാത്രക്കാര്‍ ഏര്‍പ്പാടാക്കണം. കോവിഡ് -19 സ്മാര്‍ട്ട് അപ്ലിക്കേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കണം.

യാത്രക്കാരന്റെ ആരോഗ്യം സുസ്ഥിരമായിരിക്കണം. തെര്‍മോമീറ്റര്‍ ഉള്‍പ്പെടെ പ്രഥമശുശ്രൂഷ കിറ്റ് ലഭ്യമാക്കും. ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും കൂടുതലായാല്‍ താപനില നിരന്തരമായ പരിശോധിക്കുകയും വേണം.

Read Also: കോവിഡിന് പുതിയ ലക്ഷണം; മണവും രുചിയും തിരിച്ചറിയാനാകില്ല

സര്‍ജിക്കല്‍ മാസ്‌ക് എപ്പോഴും ധരിക്കുകയും ഇടയ്ക്കിടെ മാറ്റുകയും വേണം. ചുമയും തുമ്മലും വരുമ്പോള്‍ ടിഷ്യു ഉപയോഗിച്ച് വായയും മൂക്കും പൊത്തണം. ഉപയോഗിച്ച ടിഷ്യുകള്‍ ബിന്നില്‍ വയ്ക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം.

വസ്തുക്കളില്‍ തൊടുന്നതിനു മുന്‍പും ശുചിമുറി ഉള്‍പ്പെടെയുള്ള ഉപയോഗിച്ചശേഷവും കൈ കഴുകണം. പൊതുവായി തൊടുന്ന വാതില്‍ പിടികള്‍ തുടങ്ങിയ വ ദിവസവും വൃത്തിയാക്കണം. വസ്ത്രങ്ങള്‍ വൃത്തിയായി, വെവ്വേറെ കഴുകിയശേഷം സൂര്യപ്രകാശം തട്ടാനായി തൂക്കിയിടണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook