അബൂദാബി: ദുബായ് നഗരത്തിലെ ചില സ്ഥലങ്ങളില്‍ പാർക്കിങ്ങുകളിൽ കാർ നിർത്തി പോയി തിരിച്ചുവരുമ്പോൾ വിൻഡ് സ്ക്രീനിൽ നിറയെ മസാജ് സെന്ററുകളുടെ ബിസിനസ് കാർഡുകൾ തിരുകി വച്ചിരിക്കുന്നത് കാണാം. ഈ പരസ്യം കണ്ട് ഉളളിലൊരു ലഡുവും പൊട്ടി മേല്‍വിലാസം കണ്ടുപിടിച്ച് പോകുന്നതിന് മുമ്പ് ജാഗരൂകരാകുക, തലോടാനാണോ തല്ലാനാണോ ക്ഷണിക്കുന്നതെന്ന് ഒരു നിമിഷം ചിന്തിക്കുന്നത് ധനനഷ്ടം, മാനഹാനി, അംഗഭംഗം എന്നിവ ഇല്ലാതിരിക്കാന്‍ സഹായിക്കും. സംഭവം മറ്റൊന്നുമല്ല, ദുബായില്‍ മസാജിന് വേണ്ടി ഹോട്ടലിലെത്തിയ യുവാവാണ് പറ്റിക്കപ്പെട്ടത്.
എമിറാത്തിയെന്ന് പരിചയപ്പെടുത്തിയ യുവതിയാണ് ഇയാളെ ഒരു ഹോട്ടലില്‍ മസാജിനായി വിളിച്ചു വരുത്തിയത്. എന്നാല്‍ ഒരു യുവതി അടക്കം ആറ് ആഫ്രിക്കക്കാരാണ് ഹോട്ടലില്‍ ഇയാളെ കാത്തിരുന്നത്. ഹോട്ടല്‍ മുറിയില്‍ ഇയാളെ പൂട്ടിയിട്ട അക്രമി സംഘം നഗ്ന ഫോട്ടോകളും പകര്‍ത്തി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 12ന് ലഭിച്ച പരാതിയില്‍ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
2,900 ഡോളര്‍, 1000 ദിര്‍ഹം, 7000 ഡോളര്‍ വില വരുന്ന വാച്ച് എന്നിവയാണ് അക്രമികള്‍ ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. ഇയാളുടെ ഹോട്ടല്‍മുറിയുടെ താക്കോല്‍ തട്ടിയെടുത്ത് വിലപിടിപ്പുളള വസ്തുക്കള്‍ സൂക്ഷിച്ച സേഫിന്റെ രഹസ്യ നമ്പറും ചോദിച്ചു. പറഞ്ഞില്ലെങ്കില്‍ കാല് തല്ലിയൊടിക്കുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി.
ഇവര്‍ക്കെതിരെ ലൈംഗികാതിക്രമം, കൊളള, തടഞ്ഞുവെക്കല്‍, ബ്ലാക്ക്മെയിലിംഗ്, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി. സംഭവം നടന്ന ഇതേ ഹോട്ടലില്‍ വെച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്. ഇതേ രീതിയില്‍ പലയിടത്തും കൊളള നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.