അബുദാബി: ദുബായിൽ പുതുതായി നിർമ്മിച്ച ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ രാജ്യത്തിന്റെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയും യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ വിശിഷ്ടാതിഥിയുമായിരുന്നെന്ന് ക്ഷേത്രത്തിന്റെ അധികൃതര്‍ അറിയിച്ചു.
എല്ലാ മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രം സെപ്റ്റംബർ ഒന്നിനാണ് ഉദ്ഘാടനം ചെയ്തതെന്ന് ദുബായ് ആസ്ഥാനമായുള്ള ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ജബൽ അലിയുടെ വര്‍ഷിപ്പ് വില്ലേജില്‍ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയ്ക്കും നിരവധി പള്ളികൾക്കും ഇടയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിൽ 16 ദേവതകളും സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഒരു ഗുരു ഗ്രന്ഥ സാഹിബും ഉൾപ്പെടുന്നു.
യുഎഇ ഭരണാധികാരികളുടേയും കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടേയും (സിഡിഎ) പിന്തുണയോടെയും ദുബായിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നാളെ വൈകിട്ട് നടത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
“ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, സുരക്ഷാ പരിശോധനകളും നടക്കുന്നു. അതിനാൽ, ചൊവ്വാഴ്ച ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കില്ല. ബുധനാഴ്ച ദസറയോടനുബന്ധിച്ച് ക്ഷേത്രം തുറക്കും, ” ഷ്റോഫിനെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനായി നേരത്തെ ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, സന്ദര്‍ശകരുടെ എണ്ണം എന്നിവ നല്കിയാല് അര മണിക്കൂറത്തേക്കുള്ള സന്ദര്‍ശനത്തിന് അവസരം ലഭിക്കും. ഒരു ഗ്രൂപ്പില്‍ പരമാവധി നാലു പേരെയായിരിക്കും അനുവദിക്കുക.