ദുബായില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഫീസും പിഴയും തവണകളായ് അടച്ചു തീര്‍ക്കാനുള്ള സംവിധാനം നിലവില്‍ വരുന്നു. ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും, കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മക്തൂമാണ് കൌണ്‍സില്‍ തീരുമാനം ഔദ്യോഗികമായി അംഗീകരിച്ചത്. ഇതോടെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സര്‍ക്കാര്‍ സേവനങ്ങളുമായ് സഹകരിക്കാന്‍ സൗകര്യമൊരുങ്ങും.

ഗവണ്‍മെന്‍റ് ഫീസും, വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ഒരുമിച്ച് അടയ്ക്കാന്‍ പറ്റാതെ വിഷമിക്കുന്ന വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്. ഫീസ് അടയ്ക്കാത്തവരുടെയും പിഴ നല്‍കുന്നതില്‍ വീഴ്ച വരുത്തിയവരുടെയും പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാരിന്‍റെ വിവിധ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടിക ദുബായ് ധനകാര്യ വകുപ്പ് പരിശോധിച്ച്, ആനുകൂല്യത്തിന് അര്‍ഹമാണോ എന്ന് ഉറപ്പ് വരുത്തും.

ധനകാര്യ വിഭാഗത്തിന്‍റെ അനുമതി ലഭിച്ചാലും തുകയുടെ കാര്യത്തില്‍ പരിമിതികള്‍ ഉണ്ട്. വ്യക്തികള്‍ക്ക് 10,000 ദിര്‍ഹം വരെയും വ്യവസായ സ്ഥാപനങ്ങള്‍ക്ക് 1,00000 ദിര്‍ഹം വരെയുമാണ് ഫീസ് തവണകളായ് അടയ്ക്കാനുള്ള സൌകര്യം അനുവദിക്കുക. പിഴ അടയ്ക്കുന്ന കാര്യത്തില്‍ വ്യക്തികള്‍ക്ക് 5,000 ദിര്‍ഹം വരെയും സ്ഥാപനങ്ങള്‍ക്ക് 20,000 ദിര്‍ഹം വരെയുമാണ് ഈ ആനുകൂല്യം. പരമാവധി രണ്ട് വര്‍ഷത്തിനുള്ളില്‍ അടച്ച് തീര്‍ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അറിയിച്ചാല്‍ രണ്ട് വര്‍ഷമെന്ന കാലാവധിയില്‍ വീണ്ടും ഇളവ് കൊടുക്കാന്‍ ധനകാര്യ വകുപ്പിന് അധികാരമുണ്ട്.

ഏതൊക്കെ സേവനങ്ങള്‍ക്കും പിഴകള്‍ക്കുമാണ് തവണകളായ് അടയ്ക്കാനുള്ള ആനുകൂല്യം ലഭിക്കുക എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ധനകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ പ്രത്യേക ഉത്തരവിലൂടെ പൊതുജനങ്ങളെ അറിയിക്കും. ഗതാഗത നിയമലംഘനത്തിനുള്ള പിഴ തവണകളായ് അടയ്ക്കാനുള്ള സംവിധാനം ദുബായില്‍ നിലവിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook