ദുബായ്: ദുബായ് ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഇസാദ് പ്രിവിലേജ് കാര്‍ഡ് സമ്മാനമായി ലഭിക്കും. അഞ്ച്, 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം.
സന്ദര്‍ശിക്കാനും ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും പഠിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയുടെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു ഇസാദ് പ്രിവിലേജ് കാര്‍ഡ് നല്‍കുന്നത്. ദുബായ് പൊലീസാണ് കാര്‍ഡ് ലഭ്യമാക്കുക.
കാര്‍ഡ് ഉടമകള്‍ക്കു നിരവധി എക്സ്‌ക്ലൂസീവ് ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാവും. ദീര്‍ഘകാല റസിഡന്‍സി പദ്ധതി ആരംഭിച്ചശേഷം ദുബായിലെ 65,000 പേര്‍ക്കാണു ഗോള്‍ഡന്‍ വിസയുടെ പ്രയോജനം ലഭിച്ചത്.
ഗോള്‍ഡന്‍ വിസയുള്ളവരിൽ തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്കാണു ഇസാദ് കാര്‍ഡ് ലഭിക്കുക. പൊതുനിക്ഷേപ ഫണ്ടുകളിലെ നിക്ഷേപകര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, ശാസ്ത്രത്തിലും അറിവിലും പ്രത്യേക കഴിവുള്ളവരും ഗവേഷകരും, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, വിദഗ്ധര്‍, കണ്ടുപിടുത്തക്കാര്‍, സംസ്‌കാരത്തിലും കലയിലും ക്രിയാത്മകരായ ആളുകള്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, സ്‌പെഷ്യലൈസ്ഡ് അക്കാദമിക്, പ്രൊഫഷണല്‍ കായികതാരങ്ങള്‍, എന്‍ജിനീയറിങ്ങിലോ ശാസ്ത്രത്തിലോ സ്‌പെഷലൈസ് ചെയ്ത പി എച്ച് ഡി ബിരുദധാരികള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, മികച്ച യൂണിവേഴ്‌സിറ്റി, ഹൈസ്‌കൂള്‍ ബിരുദധാരികള്‍ എന്നിവര്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.
ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ഇസാദ് കാര്‍ഡ് കൂടുതല്‍ ആകര്‍ഷകമായ പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നു ദുബായ് പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. യു എ ഇയിലെയും മറ്റു 92 രാജ്യങ്ങളിലെയും 7,237 ബ്രാന്‍ഡുകളിലും ബിസിനസുകളിലും ഡിസ്‌കൗണ്ട് ലഭിക്കും.
കാര്‍ഡ് ഇലക്ട്രോണിക്കായി പങ്കിടുമെന്നു ദുബായ് പൊലീസിലെ ഇസാദ് കാര്‍ഡ് കമ്മിറ്റി മേധാവി മോന മുഹമ്മദ് അല്‍ അമ്രി പറഞ്ഞു.
ജീവിക്കാനും ജോലി ചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ദുബായിയെ മാറ്റാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ തങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്നു ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍മറി പറഞ്ഞു.