ദുബായ് ഡ്യൂട്ടിഫ്രീയുടെ 10 ലക്ഷം ഡോളർ (ഏഴ് കോടിരൂപയിലധികം) സമ്മാനം മലയാളിക്ക്, കാസർഗോഡ് സ്വദേശിയായ നവീനീത് സജീവനാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വിജയിച്ചത്. നാലുവർഷമായി അബുദാബിയിയിലാണ് 30 കാരനായ നവനീത് കഴിയുന്നത്. ഭാര്യയും ഒരു വയസ്സുള്ള മകനുമുണ്ട്. മില്ലേനിയം മില്ല്യണയർ എംഎം 345 സീരീസ് നറുക്കെടുപ്പാണ് ഞായറാഴ്ച കഴിഞ്ഞത്. 4180 നമ്പർ ടിക്കറ്റിലൂടെയാണ് നവനീത് സമ്മാനം നേടിയത്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ 37ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ നറുക്കെടുപ്പ്. നവനീതിന് പുറമെ യുഎഇ സ്വദേശിയായ അബ്ദുല്ല അൽതെനെജി എന്നയാളും മില്ലേനിയം മില്യണയറിന്റെ 10 ലക്ഷം ഡോളർ സമ്മാനം സ്വന്തമാക്കി.

Read More: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിര്‍ഹം മലയാളിക്ക്

ഇതിനൊപ്പം നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ രണ്ട് ഇറാൻ സ്വദേശികളും ഒരു ഓസ്ട്രേലിയൻ സ്വദേശിയും വിജയിച്ചു. മെഴ്സിഡസ് ബെൻസ് എസ് 560 കാർ, ഹാർലി ഡേവിഡ്സൺ എക്സ്എൽ 1200 സിഎക്സ്, ബിഎംഡബ്ല്യു എസ് 1000 ആർ ബൈക്കുകളുമാണ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലെ ഇത്തവണത്തെ സമ്മാനങ്ങൾ.

1999ലാണ് ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചത്. തുടർന്ന് ഇതുവരെയുള്ള നറുക്കെടുപ്പുകളിൽ 171 ഇന്ത്യക്കാർ വിജയികളായി. ഈ വർഷം മാത്രം 16 ഇന്ത്യക്കാർക്ക് സമ്മാനം ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook