ദുബായ്: ദുബായ് ദെയ്റ നായിഫില്‍ കെട്ടിടത്തില്‍ തീപിടുത്തം. രണ്ട് മലയാളികള്‍ അടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ അബ്ദുല്‍ ഖാദര്‍, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു
കെട്ടിട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സമഗ്രമായ അന്വേഷണം നടത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
കെട്ടിടത്തില്‍ നിന്ന് തീ പടരുന്നത് കണ്ടതായി അപകടത്തിന്റെ ദൃക്സാക്ഷികള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോകളില്‍ ഒന്നിലധികം ഫയര്‍ എഞ്ചിനുകള്‍ പ്രദേശത്തെത്തുമ്പോള്‍ കട്ടിയുള്ള കറുത്ത പുകയും തീജ്വാലകളും അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയില്‍ നിന്ന് പുറത്തേക്ക് വരുന്നതായി കാണാമായിരുന്നു.