ദുബായ് അല്‍മക്തൂം വിമാനത്താവളം വഴി വരുന്നവര്‍ക്ക് ടാക്സി നിരക്കില്‍ ഇളവുമായ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. അടിസ്ഥാന നിരക്കില്‍ 75ശതമാനം ഇളവ് ലഭിക്കും. അതനുസരിച്ച് നേരത്തെ വിമാനത്താവളത്തില്‍ നിന്ന് ടാക്സി വിളിക്കുമ്പോള്‍ അടിസ്ഥാനനിരക്കായിരുന്ന 20 ദിര്‍ഹം എന്നത് അഞ്ച് ദിര്‍ഹമായി കുറയും. വിമാനത്താവളത്തില്‍ നിന്നുള്ള ടാക്സി നിരക്ക് മറ്റ് ടാക്സി നിരക്കിനൊപ്പമാക്കിയത് അല്‍മക്തൂം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകും. ദുബായ് വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം നടക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാസം 16 മുതല്‍ അടുത്തമാസം 30 വരെ ഈ ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read More: റണ്‍വേ നവീകരണം: ദുബായില്‍ നിന്നുള്ള വിമാനസര്‍വീസുകളില്‍ മാറ്റം
ഷെയര്‍ടാക്സി
ഷെയര്‍ടാക്സികളുടെ സര്‍വീസും അല്‍മക്തൂമിലെത്തുന്ന യാത്രക്കാര്‍ക്ക് ലഭിക്കും. ഒരേ സ്ഥലത്തേക്ക് പോകാന്‍ ഒന്നിലേറെ യാത്രക്കാരുണ്ടെങ്കില്‍ ഒരു ടാക്സിയില്‍ പോകാനാകും. ഇതുവഴി യാത്രാനിരക്ക് കുറയുകയും ടാക്സിക്ക് കാത്തുനില്‍ക്കുന്ന സമയം ലാഭിക്കുകയും ചെയ്യാം.
സൗജന്യ ബസ് സര്‍വീസ്
അല്‍മക്തൂം വിമാനത്താവളത്തിലേക്ക് അരമണിക്കൂര്‍ ഇടവിട്ട് സൌജന്യ ബസ് സര്‍വീസും ആര്‍.ടി.ഐ.ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഈ സൌകര്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മെട്രോ ട്രെയിനുകളുടെ സേവനം
യു.എ.ഇ എക്സ്ചേഞ്ച് സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മെട്രോ ട്രെയിന്‍ സേവനം പ്രയോജനപ്പെുത്താം. അല്‍ മക്തൂം വിമാനത്താവളവും മെട്രോ സ്റ്റേഷനും തമ്മിലുളള അകലം 25.3 കിലോ മീറ്റര്‍ മാത്രമാണ്. അരമണിക്കൂര്‍ കൊണ്ടെത്താവുന്ന ദൂരം. ട്രാഫിക്ക് ബ്ലോക്കൊഴിവാക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ വീതി കൂട്ടുകയും ഉപപാതകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് നവീകരണപ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
ഏതൊക്കെ സർവീസുകളെ ബാധിക്കും
നവീകരണത്തിന്‍റെ ഭാഗമായി ദുബായ് വിമാനത്താവളത്തിന്‍റെ റണ്‍വേ ഭാഗികമായി അടയ്ക്കുമ്പോള്‍, ഇന്ത്യയിലേക്ക് ഉള്‍പ്പെടെയുള്ള പല പ്രധാന വിമാനസര്‍വീസുകളും അല്‍മക്തൂം വിമാനത്താവളത്തിലേക്ക് മാറും. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ സാമ്പത്തീക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 45 ദിവസം ടാക്സി നിരക്കില്‍ ഇളവ് നടപ്പാക്കുന്നതെന്ന് ദുബായ് ടാക്സി കോർപറേഷൻ സിഇഒ ഡോ.യൂസഫ് മുഹമ്മദ് അൽ അലി പറഞ്ഞു.
ചെറിയ വിമാനങ്ങളുടെ സര്‍വീസ് പൂര്‍ണമായും അല്‍മക്തൂമിലേക്ക് മാറും. അതേസമയം സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഫ്ളൈ ദുബായ് തുടങ്ങിയ പ്രധാനവിമാനങ്ങള്‍ രണ്ട് വിമാനത്താവളത്തിലും സര്‍വീസ് നടത്തും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഭാഗികമായാണ് മാറുക. എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജ വിമാനത്താവളത്തിലേക്ക് മാറ്റിക്കൊണ്ട് സമയം പുനക്രമീകരിച്ചിട്ടുണ്ട്.
എമറേറ്റ്സ് വിമാനങ്ങളുടെ സര്‍വീസില്‍ 25ശതമാനം കുറവുണ്ടാകുമെങ്കിലും ഏതെങ്കിലും ഒരു മേഖലയെ ബാധിക്കാത്തവിധം മുഴുവന്‍ സര്‍വീസുകള്‍ പുനക്രമീകരിക്കുമെന്ന് എമറേറ്റ്സ് എയര്‍ലൈൻ അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. റണ്‍വേകള്‍ മുഴുവൻ പ്രവര്‍ത്തനസജ്ജമായ ശേഷം എല്ലാ സെക്ടറുകളിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങാനും എമറേറ്റ്സിന് പദ്ധതിയുണ്ട്.