ദുബായ് എയര്‍പോര്‍ട്ട് റണ്‍വേ നവീകരണം: 45 ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കായ് ദുബായ് രാജ്യാന്തരവിമാനത്താവളത്തിലെ ഒരു റണ്‍വേ ഇന്ന് (ചൊവ്വ) വൈകിട്ട് 3 മണി മുതല്‍ അടയ്ക്കും. മേയ് 30വരെ നവീകരണപ്രവര്‍ത്തനങ്ങള്‍ നീളുമെന്നതിനാല്‍ കേരളത്തിലേക്കടക്കമുള്ള വിമാനസര്‍വീസുകളില്‍ മാറ്റമുണ്ട്. ഷാർജ, ദുബായ് അൽ മക്തും (Dubai World Central Airport (DWC) വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ മാറ്റുന്നത്. ശേഷിക്കുന്ന ഒരു റണ്‍വേ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍ ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്‍റെ കുറവ് മാത്രമാണ് ഉണ്ടാവുക എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് വഴിയുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബായ്-കൊച്ചി വിമാന സർവീസ് ഷാർജ വഴിയാക്കും. എയർ ഇന്ത്യ എക്സ്പ്രസ് നാന്നൂറ്റി മുപ്പത്തിനാല്, നാന്നൂറ്റി മുപ്പത്തിയഞ്ച് ദുബായ്-കൊച്ചി, കൊച്ചി-ദുബായ് വിമാനങ്ങൾ ഷാർജയിൽ നിന്നായിരിക്കും സർവീസ് നടത്തുന്നത്. എയർ ഇന്ത്യയുടെ ദുബായ്- മുംബൈ, ദുബായ്-ചെന്നെ, ദുബായ്-ബാംഗ്ളൂർ-ഗോവ വിമാനസർവീസുകളും ഷാർജ വഴിയായിരിക്കും സർവീസ് നടത്തുന്നത്. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സർവീസുകൾ ദുബായ് ജബൽ അലിയിലെ അൽ മക്തും വിമാനത്താവളത്തിലേക്കു മാറ്റും.

ഫ്ളൈ ദുബായ്

ദമാം, ജിദ്ദ, കാബൂള്‍, ബഹ്റൈന്‍, കാഠ്മണ്ഡു, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് ഫ്ളൈ ദുബായ് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തും. എന്നാല്‍ അഹ്‍മദാബാദ്, ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നായിരിക്കും.

മറ്റു എയര്‍ലൈനുകള്‍,  എമറേറ്റ്സ്

വിസ് എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗൾഫ് എയർ, കുവൈത്ത് എയർലൈൻസ് തുടങ്ങിയവ അൽ മക്തും വിമാനത്താവളത്തിൽ നിന്നായിരിക്കും സർവീസ് നടത്തുന്നത്.

അതേസമയം എമറേറ്റ്സിന്‍റെ ഒരു സര്‍വീസ് പോലും അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് എമറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ ഒന്നര മാസം എമറേറ്റസിന്‍റെ 135 ഓളം സര്‍വീസുകള്‍ റദ്ദ് ചെയ്യും. ഇംഗ്ലണ്ട്, ബംഗ്ലദേശ്, ഈജിപ്റ്റ്, ജോര്‍ദാന്‍, സ്വിറ്റസര്‍ലാന്‍ഡ്, സ്പെയിന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദ് ചെയ്യുക. മുംബൈ ഉള്‍പ്പെടെ യാത്രക്കാര്‍ കൂടുതലുളള സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരാനാണ് എമറേറ്റ്സിന്‍റെ നീക്കം. വലിയ വിമാനങ്ങള്‍ എത്തിച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എമറേറ്റ്സ് പദ്ധതിയിടുന്നത്.

ദുബായ് വിമാനത്താവളത്തിൽ നിന്നും അൽ മക്തും വിമാനത്താവളത്തിലേക്ക് സൌജന്യ ബസ് സർവീസ്

45 ദിവസവും ദുബായ് വിമാനത്താവളത്തിൽ നിന്നും അൽ മക്തും വിമാനത്താവളത്തിലേക്ക് സൌജന്യ ബസ് സർവീസ് ഉണ്ടായിരിക്കും. സർവീസുകളിലെ മാറ്റങ്ങൾ യാത്രക്കാരെ കൃത്യമായി അറിയിക്കുമെന്നു വിമാനക്കമ്പനികൾ ഉറപ്പ് പറയുന്നുണ്ട്.

Read More: Dubai Runway Closure: അല്‍മക്തൂം വിമാനത്താവളത്തിലേക്കുള്ള ടാക്സി നിരക്കിൽ ഇളവ്

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും ഷാര്‍ജയിലേക്ക് മാറ്റുന്ന സര്‍വീസുകളുടെ പട്ടിക ഇതാണ്

എയർ ഇന്ത്യ എക്സ്പ്രസ്

 • IX 435 / 434 കൊച്ചി-ഷാർജ
  IX 813 / 814 മംഗലാപുരം-ഷാർജ
  IX 383 / 384 മംഗലാപുരം-ഷാർജ
  IX 141 / 142 ഡൽഹി-ഷാർജ

എയർ ഇന്ത്യ

 • AI 983 മുംബൈ-ഷാർജ
  AI 906 ചെന്നൈ-ഷാർജ
  AI 951/952 വിശാഖപട്ടണം-ഹൈദരാബാദ്-ഷാർജ
  AI 993/994 ബാംഗ്ളൂർ-ഗോവ-ഷാർജ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook