ദുബായ്: മോശം കാലാവസ്ഥയെത്തുടര്‍ന്ന് തടസപ്പെട്ട ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍. കാലാവസ്ഥ മെച്ചപ്പെടുന്ന സാഹചര്യത്തിലാണു വിമാന സര്‍വിസുകള്‍ സാധാരണ നിലയിലേക്കെത്തിയിരിക്കുന്നത്.
മണല്‍ക്കാറ്റില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ച മുതല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതും പുറപ്പെടുന്നതുമായ 44 വിമാനങ്ങള്‍ റദ്ദാക്കുകയും 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ അനിശ്ചിതമായി വൈകി.
യു എ ഇയില്‍ 14 മുതല്‍ 18 വരെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യത ദേശീയ കാലാവസ്ഥ കേന്ദ്രം (എന്‍ സി എം) പ്രവചിച്ചിരുന്നു. ഇന്നലെ രാവിലെ മുതല്‍ ദുബായ് ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റ് വീശി.
അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് ദൂരക്കാഴ്ച 500 മീറ്ററില്‍ താഴെയായി കുറഞ്ഞു. ഇതേത്തുടര്‍ന്നാണു വിമാനസര്‍വിസുകള്‍ തടസപ്പെട്ടത്. ഇന്നലെ മാത്രം 10 വിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെന്ട്രലിലേക്കും സമീപ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചു വിട്ടിരുന്നു. ഇവ ഉള്‍പ്പെടെ വഴി തിരിച്ചുവിട്ട 12 വിമാനങ്ങളും ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചെത്തി.
അതിനിടെ, ഈ ആഴ്ച യു എ ഇയില്‍നിന്നു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മോശം കാലാവസ്ഥയുടെ സാഹചര്യത്തില്‍ ഷെഡ്യൂളുകള്‍ മാറ്റമുണ്ടാവുന്നതു ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വിമാന സര്‍വിസ് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ അതതു വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അബുദാബിയില്‍ ഇന്നുച്ചയ്ക്കുശേഷം തുടര്‍ച്ചയായി രണ്ടാം ദിവസവും പൊടിക്കാറ്റ് ദൂരക്കാഴ്ച തടസപ്പെടുത്തി. ഇതേത്തുടര്‍ന്ന് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്കി. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കുറഞ്ഞത് രാത്രി എട്ടുവരെ അതീവ ജാഗ്രത പാലിക്കണമെന്ന് എന്‍ സി എം നിര്‍ദേശിച്ചു. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.