മനാമ: അറബിക്കടലില്‍ മത്സ്യബന്ധന നൗകയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു 800 കിലോ ഹഷീഷ് ഓസ്‌ട്രേലിയന്‍ യുദ്ധ കപ്പലായ എച്ച്എംഎഎസ് അരുന്ധ പിടികൂടി. കാപ്പിക്കൊപ്പം ഒളിപ്പിച്ചുകടത്തുകയായിരുന്നു മയക്കുമരുന്ന്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് 36 ദശലക്ഷം ഡോളര്‍ വിലവരും.

സംശയകരമായ രീതിയില്‍ കടലില്‍ നീങ്ങിയ ബോട്ടിനെ സൈനികര്‍ ബോട്ടില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് വേട്ടയില്‍ അത്യാധുനിക പരിശീലനം ലഭിച്ച സംഘമാണ് ബോട്ടില്‍ തിരച്ചില്‍ നടത്തിയത്. മയക്കുമരുന്ന് കടത്തിന് ഏറെ പേരുകേട്ട മേഖലയാണിതെന്നും കള്ളക്കടത്തുകാര്‍ പുതിയ മാര്‍ഗങ്ങളാണ് ഓരോ തവണയും അവലംബിക്കുന്നതെന്നും അരുന്ധ ക്യാപ്റ്റന്‍ കമാന്‍ഡര്‍ കാമറോണ്‍ സ്‌റ്റെയില്‍ പറഞ്ഞു.

boat, drugs

അറബിക്കടലില്‍ മയക്കു മരുന്നു കടത്തിയ മത്സ്യബന്ധന നൗകയെ നാവികര്‍ പിടികൂടിയപ്പോള്‍

ബഹ്‌റൈന്‍ ആസ്ഥാനമായ 31 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലെ സംയുക്ത ദൗത്യസംഘ(സിടിഎഫ് 150)ത്തിലെ അംഗമാണ് എച്ച്എംഎഎസ് അരുന്ധ. 2016 ഡിസംബറില്‍ മേഖലയില്‍ സമുദ്ര സുരക്ഷക്കായി വിന്യസിച്ച ശേഷം ഈ കപ്പലിന്റെ നേതൃത്വത്തിലുള്ള ആദ്യ വന്‍ മയക്കുമരുന്നുവേട്ടയാണിത്.

സിടിഎഫ് 150 പ്രധാനമായും മേഖലയുടെ സമുദ്രസുരക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തീവ്രവാദവും ഭീകരതയുമായി ബന്ധപ്പെട്ട ഒരു നീക്കവും ഈ കടല്‍പ്പാത വഴി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യ പൂര്‍വേഷ്യന്‍ മേഖലയുടെ സമുദ്ര സുരക്ഷയും സുസ്ഥിരതയും അഭിവൃദ്ധിയും സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയയുടെ സംഭാവനയായ ഓപ്പറേഷന്‍ മനിതൗവിന്റെ ഭാഗമായാണ് അരന്ധ മേഖലയില്‍ സിടിഎഫില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ