മനാമ: ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളെ എത്രമാത്രം ജനകീയമാക്കാം എന്ന് ആരെങ്കിലും അന്വേഷിച്ചാല്‍ ആദ്യം ചെന്നെത്തുക മുന്‍ അംബാസഡര്‍ ജോര്‍ജ് ജോസഫിലയിരിക്കും. എംബസികളും അംബാസഡർമാരും കോട്ടിടാത്ത പാവപ്പെട്ട ബ്ലൂ കോളര്‍ തൊഴിലാളികളെ അവഗണിച്ച് കയ്യാലപ്പുറത്തേക്ക് തട്ടി നടന്ന കാലത്ത് അതിന് അപവാദമായിരുന്നു അദ്ദേഹം. ഖത്തറിലും ബഹ്‌റൈനിലും അംബാസഡറായിരിക്കെ നീതി നിഷേധിക്കപ്പെട്ടവര്‍ക്കു വേണ്ടി അദ്ദേഹം സദാ ജാഗ്രത പുലര്‍ത്തിയിരുന്നു. അത്തരം കാര്യങ്ങള്‍ക്കായി സമയം നോക്കാതെ ജോലി ചെയ്തു. നിയമ പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവരുടെയും തൊഴിലവകാശങ്ങള്‍ ഹനിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം മുന്നിൽനിന്നു പ്രവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പ്രവാസ ലോകത്തും ദുഃഖം പരത്തി.

1976 ബാച്ച് ഐഎഫ്എസുകാരനായ പൂഞ്ഞാര്‍ കിഴക്കെ തോട്ടത്തില്‍ ഡോ.ജോര്‍ജ് ജോസഫ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖം കാരണം കുറച്ചുകാലമായി കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. 66 വയസായിരുന്നു. ‘ഭാര്യ റാണി നെടുങ്കുന്നം പുതിയാ പറമ്പില്‍ കുടുംബാംഗം. ഏക മകള്‍ രേണു (ദുബായ്). സംസ്‌കാരം നാളെ രണ്ടിന് നെടുംകുന്നും സെന്റ് ജോണ്‍ ദി ബാപ്റ്റിക് ഫൊറോന പള്ളിയില്‍. ജോലി ചെയ്തയിടങ്ങളില്‍ എല്ലാം ജനകീയനായ നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്നു പേരു സമ്പാദിച്ച അദ്ദേഹം സൗമ്യതയുടെ ആള്‍ രൂപമായിരുന്നു. ബഹ്‌റൈനിലും ഖത്തറിലും അദ്ദേഹം തൊഴിലാളികള്‍ക്കായി നടപ്പാക്കിയ കാര്യങ്ങള്‍ അദ്ദേഹത്തിലെ മനുഷ്യത്വത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു.

2009 ജനുവരി മുതല്‍ 2010 ഒക്ടോബര്‍ വരെയാണ് ബഹ്‌റൈന്‍ അംബാസഡറായി ജോലി ചെയ്തത്. 2010ല്‍ അദ്ദേഹം ബഹ്‌റൈനില്‍ നിന്നാണു വിരമിച്ചത്. ബഹ്‌റൈനിലെ പന്ത്രണ്ടാമത്തെ സ്ഥാനപതിയായിരുന്നു. 2005 മുതല്‍ 2009 വരെ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു. തുര്‍ക്ക്‌മെനിസ്ഥാനിലും അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു. ജിദ്ദ, ദുബായ് എന്നിവിടങ്ങളില്‍ കോണ്‍സല്‍ ജനറലായും പ്രവര്‍ത്തിച്ചു. ഹോങ്കോങ്, ചൈന, സിംബാബ്‌വേ, ന്യൂസിലൻഡ്, മൊറോക്കോ, സോവിയറ്റ് യൂണിയന്‍ എന്നിവിടങ്ങളിലും നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എംബസി പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതിലും എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നതിലും പിശുക്കു കാണിക്കാത്ത അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസിനെ ജനകീയവത്ക്കരിച്ചത് അദ്ദേഹമായിരുന്നു. ഏതു സമയവും ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. സര്‍ക്കാര്‍, അറബ് തലത്തിലും മികച്ച ബന്ധമായിരുന്നു അദ്ദേഹം കാത്തു സൂക്ഷിച്ചത്.

ബഹ്‌റൈനിലെ ജനകീയനായ അംബാസഡര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു ഡോ.ജോര്‍ജ് ജോസഫ്. തൊഴിലവകാശങ്ങള്‍ ഹനിക്കപ്പെട്ടവരുടെയും നിയമ പ്രശ്‌നങ്ങളില്‍ കുരുങ്ങുന്നവരുടെയും അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം മാതൃകാപരമായി പ്രവര്‍ത്തിച്ചു. പ്രവാസികള്‍ക്ക് പ്രയോജനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ തുടക്കം കുറിക്കാനായി. പ്രവാസികളുടെ സമ്പാദ്യ ശീലം വളര്‍ത്താന്‍ വിവിധ പദ്ധതികള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. താഴ്ന്ന വരുമാനക്കാരായ ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനില്‍ സൗജന്യ ഇന്‍ഷുറന്‍സ് എന്ന പദ്ധതിക്ക് തുടക്കമിട്ടത് ജോർജ് ജോസഫായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് അത് ഭംഗിയായി നടക്കുകയും ചെയ്തു. അദ്ദേഹത്തിനു സമ്മാനിക്കുന്ന ബൊക്കെ അവിടെ വച്ചു തന്നെ ലേലം ചെയ്ത് ആ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനു നല്‍കുന്ന രീതി അദ്ദേഹം പ്രവാസി സമൂഹത്തിനു കാണിച്ചു തന്നു. ഫ്ലാറ്റുകളില്‍ തനിച്ചിരിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കി കുടുംബശ്രീ മാതൃകയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്ന പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു.

വിനയവും ലാളിത്യവും നന്മനിറഞ്ഞ മനസ്സും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തി. മാധ്യമ പ്രവര്‍ത്തകരുമായി ഏറ്റവും മികച്ച ബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഖത്തറില്‍ മാധ്യമ കൂട്ടായ്മക്കു തുടക്കം കുറിച്ചത് ജോര്‍ജ് ജോസഫായിരുന്നു. ഖത്തറില്‍ അംബാസഡറായിരിക്കെ മോശം ആരോഗ്യാവസ്ഥയിലും പാവപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം ദീര്‍ഘദൂരം യാത്ര ചെയ്തു. ഒരിക്കല്‍ അത്തരം യാത്രക്കിടെ അദ്ദേഹം തളര്‍ന്നു വീണ സംഭവമുണ്ടായി. ഖത്തറില്‍ ഇന്തോനേഷ്യന്‍ വീട്ടു ജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വധ ശിക്ഷക്കു വിധിക്കപ്പെട്ട രണ്ടു ഇന്ത്യക്കാരെ രക്ഷിച്ചതും ജോര്‍ജ് ജോസഫിന്റെ ഇടപെടലാണ്. കേസ് സപ്രീം കോടതി വരെ എത്തിക്കാന്‍ അദ്ദേഹത്തിനായി. തുടര്‍ന്ന് 2011 മാര്‍ച്ചില്‍ കോടതി വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനായി എല്ലാമാസവും ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ അദ്ദേഹം ഓപ്പണ്‍ ഹൗസ് എന്ന പരിപാടി നടപ്പാക്കി. ഇതാണ് പിന്നീട് ബഹ്‌റൈനടക്കം ഗള്‍ഫിലെ മിക്ക എംബസികളും സ്വീകരിച്ചത്. ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനായി ഏറെ പ്രവര്‍ത്തിച്ച അദ്ദേഹം മലയാളി സംഘടനകളുമായും പൊതു പ്രവര്‍ത്തകരുമായും ഹൃദയ ബന്ധം സൂക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ