കുവൈത്ത്‌ സിറ്റി: ഇത്തവണത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരത്തിനു സിബിഎസ്‌സി വിഭാഗത്തിൽ കുവൈത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂൾ പ്രിന്‍സിപ്പല്‍ ഡോ.ബിനു മോന്‍ അര്‍ഹനായി. ഇന്ത്യക്ക്‌ പുറമെ നിന്നും ദേശീയ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട 2 പ്രിന്‍സിപ്പല്‍മാരില്‍ ഒരാളാണു ഡോ.ബിനുമോന്‍. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്കാരദാന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണു പുരസ്കാരം സമ്മാനിച്ചത്‌. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ്‌ ജാവദേക്കര്‍, സഹ മന്ത്രിമാരായ സത്യപാല്‍ സിങ്, ഉപേന്ദ്ര കുശ്വാഹ എന്നിവരും പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് അവാര്‍ഡ്‌ ജേതാക്കൾക്ക്‌ രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ സ്വീകരണം ഒരുക്കി. രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്‌ ജേതാക്കളെ അനുമോദിച്ചു.

നിലവില്‍ ഗല്‍ഫ്‌ രാജ്യങ്ങളില്‍ നടത്തുന്ന സിബിഎസ്‌സി പരീക്ഷയുടെ മേൽനോട്ടക്കാരന്‍ കൂടിയായ ഈ കോട്ടയം പുതുപ്പള്ളി സ്വദേശി. അധ്യാപനത്തില്‍ ഡോക്റ്ററേറ്റും, എംബിഎ, എംഫില്‍ മുതലായ ഏഴോളം ബിരുദാനന്തര ബിരുദങ്ങളുടെയും കൂടി ഉടമയാണ്. ഇരുപത് വർഷമായി അധ്യാപന രംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. സിവില്‍ എൻജിനീയറായ സീമയാണു ഭാര്യ. മക്കള്‍ ശ്രീ ലക്ഷ്മി, ശ്രീ പ്രിയ

വിദേശകാര്യ സഹ മന്ത്രി എം.ജെ.അക്ബര്‍ 19ന് കുവൈത്തില്‍ എത്തും


കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്നായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി എം.ജെ.അക്ബര്‍ 19ന് കുവൈത്തില്‍ എത്തും. പത്തൊന്പതിനു വൈകുന്നേരം ആറു മണിക്ക് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ പൊതു സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രി തല കൂടിയാലോചകളും നടക്കുമെന്ന് എംബസി വൃത്തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook