റിയാദ്: സൗദിയിൽ ഇന്ത്യൻ അംബാസിഡറായി ഡോ.ഔസാഫ് സയിദിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിയമിച്ചു. അഹമ്മദ് ജാവേദ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനം. 1989 ബാച്ച് ഐഎഫ്എസുകാരനായ ഔസാഫ് സയിദ് നിലവിൽ സ്വീഷെൽസിലെ ഇന്ത്യൻ ഹൈക്കമീഷണറാണ്. വൈകാതെ അദ്ദേഹം റിയാദിൽ ചാർജെടുക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പുതിയ അംബാസഡർ റിയാദിലെത്തി ചുമതല ഏറ്റെടുക്കും വരെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഡോ.സുഹൈൽ അജാസ് ഖാനാണ് ചുമതല. സൗദി അറേബ്യക്ക് സുപരിചിതനാണ് ഔസാഫ് സയിദ്. 2004 ഓഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറലായിരുന്നു. ഫർഹ സയിദാണ് ഭാര്യ.
2016 ലാണ് മുംബൈ പൊലീസ് കമ്മീഷണറായിരുന്ന അഹമ്മദ് ജാവേദ് ഐപിഎസ് സൗദിയിൽ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. കാലാവധി പൂർത്തിയാക്കിയ അഹമ്മദ് ജാവേദ് ഈ മാസം 15 ന് ഇന്ത്യയിലേക്ക് മടങ്ങും.
വാർത്ത: നൗഫൽ പാലക്കാടൻ