വാഷിങ്ടണ്‍: കെന്റക്കി ഉള്‍പ്പെടെയുള്ള യുഎസ് സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. കെന്റക്കിയില്‍ മാത്രം അന്‍പതിലേറെ പേര് മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു.
കെന്റക്കിയിലെ മെഴുകുതിരി ഫാക്ടറിയിലും ഇല്ലിനോയിസിലെ ആമസോണ്‍ സ്ഥാപനത്തിലും അര്‍ക്കന്‍സാസിലെ നഴ്സിങ് ഹോമിലുമായി കഴിഞ്ഞ രാത്രിയില്‍ ഏഴു പേരെങ്കിലും മരിച്ചു. ചുഴലിക്കാറ്റ് സമയത്ത് കെന്റക്കി മേയ്ഫീല്‍ഡിലെ ഫാക്ടറിയില്‍ നൂറ്റിപ്പത്തോളം പേര് ഉണ്ടായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
”കെന്റക്കിയില്‍ മരണസംഖ്യ 50 കവിയുമെന്നും 70 മുതല്‍ 100 വരെയാകുമെന്നും ഞങ്ങള്‍ കരുതുന്നു,” അദ്ദേഹം ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ”ഇത് വളരെ ബുദ്ധിമുട്ടാണ്, ശരിക്കും കഠിനമാണ്, ഞങ്ങള്‍ ഓരോ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇല്ലിനോയിയ്സ് എഡ്വെഡ്സ്വില്ലെയിലെ ആമസോണ്‍ സ്ഥാപനത്തില്‍ കുറഞ്ഞത് ഒരാള്‍ മരിച്ചതായി പൊലീസ് മേധാവി മൈക്ക് ഫില്ബാക്ക് ശനിയാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെട്ടിടത്തിന്റെ മേല്‍ക്കൂര തകരുകയും ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ നീളമുള്ള ചുമര് ഇടിഞ്ഞുവീഴുകയും ചെയ്തു.
Also Read: മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ നിന്ന് കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടു പേരെ ഹെലികോപ്റ്ററില്‍ സെന്റ് ലൂയിസിലെ ആശുപത്രികളിലേക്കു മാറ്റിയതായി ഫില്ബാക്ക് പറഞ്ഞു.
കെട്ടിടത്തിലുണ്ടായിരുന്ന മുപ്പതോളം പേരെ മാറ്റി. രക്ഷാപ്രവര്‍ത്തകര്‍ ശനിയാഴ്ച പുലര്‍ച്ചെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുകയായിരുന്നു. ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് തിരിച്ചില്‍. ഈ പ്രക്രിയയ്ക്ക് മണിക്കൂറുകള്‍ കൂടി എടുത്തേക്കുമെന്ന് ഫില്ബാക്ക് പറഞ്ഞു.
മിസോറി വെല്‍ഡണ്‍ സ്പ്രിങ്ങിലെ നാഷണല്‍ വെതര്‍ സര്‍വീസ് ഓഫീസിനു സമീപത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോയി. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ക്കു മറ്റൊരിടത്ത് അഭയം തേടേണ്ടി വന്നു. വെതര്‍ സര്‍വീസ് ഓഫീസിന് ഏതാനും കിലോ മീറ്ററുകള്‍ അകലെയുള്ള ഡെഫിയാന്സ്, ന്യൂ മെല്ലെ നഗരങ്ങള്‍ക്കു സമീപം കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു.
വെള്ളിയാഴ്ച രാത്രി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് അര്‍ക്കന്‍സാസിലെ മൊണെറ്റ് മാനര്‍ നഴ്സിങ് ഹോമില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. 20 പേര് കെട്ടിടത്തില്‍ കുടുങ്ങിപ്പോയി. ഇവരില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ടെന്നസിയില്‍ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങള് സ്ഥിരീകരിച്ചതായി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വക്താവ് ഡീന്‍ ഫ്ലെനര്‍ പറഞ്ഞു. ലേക്ക് കൗണ്ടിയില്‍ രണ്ടുപേരും ഒബിയോണ്‍ കൗണ്ടിയില്‍ ഒരാളുമാണ് മരിച്ചത്.