റിയാദ്: ലോകം മുഴുവൻ ചർച്ചയുടെ അനുരണനങ്ങൾ സൃഷ്‌ടിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യയിൽ തന്റെ വിദേശ സന്ദർശനം പൂർത്തിയാക്കിയത്. ട്രംപിന്റെ സൗദി സന്ദർശനം ലോകത്ത് സംവാദത്തിന്റെ അലയൊലികൾ ഇനിയും നിലച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ ഔദ്യോഗിക വിദേശ പര്യാടനത്തിന്റെ തുടക്കം സൗദി അറേബ്യയിൽ നിന്നായിരിക്കുമെന്ന വാർത്ത വൈറ്റ് ഹൗസ് പുറത്ത് വിട്ടതു മുതൽ സന്ദർശനത്തിന്റെ ചർച്ച സജീവമാണ്. സന്ദർശനം കഴിഞ്ഞു മടങ്ങിയിട്ടും ചർച്ചകൾ ഒടുങ്ങിയിട്ടില്ല. സന്ദർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്ത് ചർച്ചകളുണ്ട്. സോഷ്യൽ മീഡിയയിൽ തലനാരിഴ കീറിയാണ് ട്രംപ് സൗദിയിൽ കടന്നുപോയ ഓരോ നിമിഷങ്ങളും ചർച്ച ചെയ്യുന്നത്.

പശ്ചിമേഷ്യൻ രാജ്യങ്ങൾ മാത്രമല്ല ലോകം മുഴവൻ ശ്രദ്ധിക്കുന്നതാണ് ഈ സന്ദർശനം. 50 ഇസ്‌ലാമിക് രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന അറബ് ഇസ്‌ലാമിക് അമേരിക്കൻ ഉച്ചകോടിയെ ട്രംപ് അഭിസംബോധന ചെയ്യുന്നത് ആകാംക്ഷയോടെയാണ് ലോകം കാത്തിരുന്നത്. ഉച്ചകോടിയിൽ ട്രംപ് നടത്തുന്ന പ്രസംഗത്തിലെ ഓരോ വാക്കുകൾക്കും വേണ്ടി ലോകം ചെവി കൂർപ്പിച്ചു. മൂന്ന് രാജ്യങ്ങളിലായി ഒരാഴ്ച നീണ്ട് നിൽക്കുന്ന വിദേശ പര്യടനത്തിൽ വലിയ പ്രാധാന്യമുള്ളത് സൗദി സന്ദർശനത്തിനാണ്. മുസ്‌ലിം ലോകവുമായുള്ള അമേരിക്കയുടെ നിലപാട് അറിയാനായിരുന്നു പ്രധാനമായും മുസ്‌ലിം രാജ്യങ്ങളുൾപ്പടെയുള്ള രാജ്യങ്ങൾ കാത്തു നിന്നത്. ശാക്തിക സമവാക്യത്തിന്റെ പുതിയ ലോകക്രമത്തിന് നാന്ദി കുറിക്കുന്നതാണ് സന്ദർശനം എന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്.

ഭീകരതയും, തീവ്രവാദവും നിർമാർജനം ചെയ്യുന്നതിന് സൗദി അറേബ്യയുമായി കൈകോർക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ മുസ്‌ലിം രാജ്യങ്ങളുടെ ആശങ്കകൾക്ക് വിരാമമായി. ശനിയാഴ്ച രാവിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനും ഭാര്യ മെലാനിക്കും സൗദി അറേബ്യ ഒരുക്കിയത് രാജകീയ സ്വീകരണമായിരുന്നു. സൽമാൻ രാജാവിന്റെ ഉജ്ജ്വല അതിഥേയത്വം തന്നെ ട്രംപിന് ലഭിച്ച ആദ്യ അംഗീകാരമായിരുന്നു. തുടർന്ന് അബ്ദുൽ അസീസ് രാജാവിന്റെ പേരിലുള്ള പ്രമുഖ സിവിലിയൻ ബഹുമതി നൽകി സൽമാൻ രാജാവും രാജ്യവും ട്രംപിനെ ആദരിച്ചു.

വിരുന്നുകൾ ഒരുക്കിയും അറബ് പരമ്പരാഗത നൃത്തത്തിന് ട്രംപിനൊപ്പം ചുവട് വെച്ചും സൽമാൻ രാജാവ് ആഹ്ലാദം പ്രകടിപ്പിച്ചു. വാണിജ്യം, നിക്ഷേപം, പ്രതിരോധം, സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ 380 ബില്യൺ ഡോളറിന്റെ കരാറുകളിലാണ് ഒപ്പുവെച്ചത്. കരാറുകളെല്ലാം സൗദി അറേബ്യയുമായുള്ള ബന്ധം കൂടുതൽ ദൃഢപെട്ടതിന്റെ സൂചനകൾ നൽകുന്നതായിരുന്നു. പൂർണ അർത്ഥത്തിൽ തൃപ്തനായാണ് ട്രംപ് മടങ്ങിയതെന്ന് വ്യക്തമാണ്. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സൗദി അറേബ്യയിലെ വാണിജ്യ രംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. സൗദി അറേബ്യയിൽ നിന്നും ഇസ്രായേലിലേക്കാണ് ട്രംപ് മടങ്ങിയത്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ