മനാമ: കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായി ചുരുങ്ങിയ കാലം കൊണ്ടു വിപണി കീഴടക്കിയ ഫിജിറ്റ് സ്പിന്നറിനു ബഹ്‌റൈനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗുണമേന്‍മയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കണ്ടുകെട്ടാന്‍ തുടങ്ങി. ബഹ്‌റൈന്‍ കമ്പോളത്തിലേക്കു കൊണ്ടു വരികയായിരുന്ന 6000 ത്തോളം സ്പിന്നര്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. വാണിജ്യ, വ്യവസായ വിനോദ സഞ്ചാര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടിയത്.

ഈ ഉല്‍പ്പന്നത്തെ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുട്ടികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള ഉപകരണം എന്ന നിലയില്‍ വിപണി കീഴടക്കിയ ഈ ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന ചെറിയ ഭാഗങ്ങള്‍ കുട്ടികള്‍ക്ക് അപകടത്തിനു കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ബഹ്‌റൈനില്‍ ഇതിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

കളിപ്പാട്ടമാക്കുന്നതിനു യോജിച്ചതല്ല എന്നു റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 6000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്. മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാന്റേഡൈസേഷന്‍ ആന്റ് മെറ്റീരിയോളജി വകുപ്പാണ് ഉല്‍പ്പന്നത്തിന്റെ ഗുണ നിലവാരം പരിശോധിച്ചത്. ജൂലൈ മുതലാണ് സ്പിന്നറിന്റെ ഗുണ നിലവാര പരിശോധന ആരംഭിച്ചത്. പരിശോധന തുടങ്ങിയ ശേഷം മൂന്നു ഘട്ടമായാണ് ഈ ഉല്‍പ്പന്നം എത്തിയതെന്നു വകുപ്പു മേധാവി മോണാ അല്‍ അലവി പറഞ്ഞു. മൂന്നു ഘട്ടങ്ങളായി എത്തിയ ഉല്‍പ്പന്നത്തില്‍ ആദ്യത്തെ ബാച്ച് സുരക്ഷാ പരിശോധനയില്‍ വിജയിച്ചു. പിന്നീടു വന്ന രണ്ടു ബാച്ചുകളിലെ 6000 ഉല്‍പ്പന്നങ്ങള്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ വിലക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിലക്കിയ ഉല്‍പ്പന്നങ്ങള്‍ ഒന്നുകില്‍ ഉല്‍പ്പാദകര്‍ക്കു തിരിച്ചയക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അനുമതിയിലില്ലാത്ത ഒരു ഉല്‍പ്പന്നവും ബഹ്‌റൈന്‍ കമ്പോളത്തില്‍ വില്‍ക്കാന്‍ അനുവദിക്കില്ല. ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലാത്ത സ്പിന്നര്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ ഗള്‍ഫ് ടെക്‌നിക്കല്‍ റഗുലേഷന്‍ ഫോര്‍ ടോയ്‌സ് ആന്റ് ജനറല്‍ സേഫ്റ്റി റിക്വയര്‍മെന്റ് റഗുലേഷന്‍ അനുസരിച്ച നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വകുപ്പ് കമ്പോളത്തില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു.

നേരത്തെ ഉപകരണം എന്ന നിലയില്‍ കമ്പോളത്തില്‍ എത്തിയ സാധനം പൊടുന്നനെ കളിപ്പാട്ടം എന്ന നിലയില്‍ പ്രിയങ്കരമായിത്തീരുകയായിരുന്നു. ആഗോള തലത്തില്‍ തന്നെ ഈ കളിപ്പാട്ടത്തിനെതിരെ വിവിധ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്തു വന്നിരുന്നു. ഇതുപയോഗിക്കുന്ന കുട്ടികളില്‍ ഒരു തരം അടിമത്തം ഉണ്ടാക്കുന്നതായും ഏറെ സമയം ഇതിനായി വിനിയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook