റിയാദ്​: പഠന മികവ്​ തെളിയിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക്​ ഡോക്​ടേഴ്​സ്​ ക്ലിനിക്കൽ ഫോറം (റിയാദ്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) എൻഡോവ്​മെന്റ്​ ഏർപ്പെടുത്തി. വൃക്കമാറ്റിവയ്​ക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായി ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ വർഷം ഓഗസ്​റ്റ്​ നാലിന്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച റിയാദ്​ മിഡിൽ ഈസ്​റ്റ്​​ ഇന്റർനാഷനൽ സ്​കൂൾ പൂർവ വിദ്യാർഥി ജോ ജോഷിയുടെ സ്​മരണാർഥമാണ്​ സ്​കോളർഷിപ്പ്​ ഏർപ്പെടുത്തിയതെന്ന്​ ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജോ ജോഷി

റിയാദിലെ​ ഇന്ത്യൻ സ്​കൂളുകളിൽ നിന്ന്​ ഓരോ വർഷവും ഏറ്റവും ഉയർന്ന മാർക്കിൽ പാസാവുന്ന 10-ാം ക്ലാസ്​ വിദ്യാർഥിക്കാണ്​ 10,000 രൂപയും പ്രശസ്​തി പത്രവും പ്രശംസാഫലകവും അടങ്ങുന്ന എൻഡോവ്​മെന്റ് സമ്മാനിക്കുക. മുഴുവൻ വിഷയങ്ങളിലുമായി ഏറ്റവും ഉയർന്ന മാർക്ക്​ വാങ്ങുന്ന വിദ്യാർഥിക്കാണ്​ പുരസ്​കാരമെങ്കിലും ഒന്നിൽ കൂടുതൽ പേരുണ്ടായാൽ ഫിസിക്​സ്​, കെമിസ്​ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങളിലെല്ലാം കൂടി നേടിയ മാർക്കിന്റെ അടിസ്​ഥാനത്തിൽ അർഹരായ കുട്ടിയെ കണ്ടെത്തുമെന്ന്​ ഭാരവാഹികൾ വിശദീകരിച്ചു. ഈ വർഷം മുതൽ എൻഡോവ്​മെന്റ് കൊടുത്തു തുടങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ