India-UAE Travel News: അബുദാബി: വിദേശത്തുനിന്നു വരുന്ന, കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത യാത്രക്കാര്‍ക്കു ക്വാറന്റൈന്‍ നിബന്ധന ഒഴിവാക്കി അബുദാബി. യുഎഇ പൗരന്മാര്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ബാധകമായ പുതിയ തീരുമാനം സെപ്റ്റംബര്‍ അഞ്ചിനു പ്രാബല്യത്തില്‍ വരും.
അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ക്വാറന്റൈന്‍ നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമെടുത്തത്. ഇത് ഉള്‍പ്പെടെ യാത്രാ മാനദണ്ഡങ്ങള്‍ കമ്മിറ്റി പുതുക്കി.
അബുദാബിയിലേക്കു പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം മുഴുവന്‍ യാത്രക്കാരും ഹാജരാക്കണം. ഈ നിബന്ധന കോവിഡ് വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ബാധകമാണ്.
വാക്‌സിനേഷന്‍ ലഭിച്ച യുഎഇ പൗരന്മാര്‍, റസിഡന്‍സ് വിസയുള്ളവര്‍, ഗ്രീന്‍ കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍നിന്നുള്ളവര്‍ എന്നിവര്‍ക്കു ക്വാറന്റൈന്‍ ആവശ്യമില്ല. ഇവര്‍ അബുദാബിയിലെത്തിയ ഉടന്‍ പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. അബുദാബിയില്‍ താമസിക്കുകയാണെങ്കില്‍ ആറാം ദിവസം മറ്റൊരു ടെസ്റ്റും നടത്തണം.
Also Read: യുഎഇ, ദുബൈ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
ഗ്രീന്‍ കാറ്റഗറി ഒഴികെയുള്ള സ്ഥലങ്ങളില്‍നിന്ന് എത്തുന്ന വാക്‌സിന്‍ ലഭിച്ചവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. ഇവരും അബുദാബിയിലെത്തിയ ഉടന്‍ പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. അബുദാബിയില്‍ താമസിക്കുകയാണെങ്കില്‍ നാലാം ദിവസം എട്ടാം ദിവസവും ടെസ്റ്റ് നടത്തണം.
വാക്‌സിനേഷനില്‍നിന്ന് ഒഴിവാക്കപ്പെട്ടര്‍ ഉള്‍പ്പെടെയുള്ള ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍നിന്നുള്ള കുത്തിവയ്പ് എടുക്കാത്ത യുഎഇ പൗരന്മാര്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. ഇവര്‍ എത്തിയ ഉടന്‍ നിര്‍ബന്ധമായും പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. തുടര്‍ന്ന് ആറാം ദിവസവും ഒന്‍പതാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം.
മറ്റു സ്ഥലങ്ങളില്‍നിന്നു വരുന്ന കുത്തിവയ്പ് എടുക്കാത്ത യുഎഇ പൗരന്മാര്‍, റസിഡന്‍സ് വിസയുള്ളവര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കു 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമാണ്. ഇവര്‍ എത്തിയ ഉടനെയയും ഒന്‍പതാം ദിവസവും പിസിആര്‍ ടെസ്റ്റിനു വിധേയമാകണം.
Also Read: India-UAE Flight News: ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം; ഈ നിബന്ധനകൾ പാലിക്കണം