മനാമ: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കു ബഹ്റൈന്‍ കോടതി വധ ശിക്ഷ വിധിച്ചു. കേസില്‍ 13 പ്രതികള്‍ക്കു നാലാം ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതായി ഭീകര കുറ്റകൃത്യ പ്രോസിക്യൂഷന് മേധാവി അഡ്വ.ജനറല്‍ അഹ് മദ് അല്‍ ഹമ്മാദി അറിയിച്ചു. രണ്ടു പ്രതികള്‍ക്കു കോടതി ഏക കണ്ഠമായാണു വധശിക്ഷ വിധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളില്‍ മൂന്നുപേര്‍ക്ക് ജീവ പര്യന്തം തടവും മൂന്നുപേര്‍ക്കു പത്തു വര്‍ഷം തടവും വിധിച്ചു. രണ്ടു പ്രതികള്‍ക്ക് ഏഴ്, അഞ്ചു വര്‍ഷം തടവും രണ്ടു പേര്‍ക്കു മൂന്നുവര്‍ഷം തടവും വിധിച്ചു. ഒരാളെ വെറുതെ വിട്ടു. ഒമ്പതു പ്രതികളുടെ പൗരത്വം കോടതി റദ്ദാക്കി. ഏഴു പ്രതികള്‍ക്കു പിഴയും വിധിച്ചിട്ടുണ്ട്.
ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആസൂത്രിതമായി പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക, കൊലപ്പെടുത്താന്‍ ശ്രമിക്കുക, ഭീകര സംഘം ഉണ്ടാക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക, പ്രതികളെ ഒളിപ്പിക്കുക, ഭീകര പ്രവര്‍ത്തനത്തെ കുറിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുക, സ്ഫോടക വസ്തുക്കള്‍ കണ്ടെടുക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയത്.
2014 ഏപ്രില്‍ 16നാണു കേസിനാസ്പദമായ സംഭവം. പൊലീസ് പട്രോള്‍ വാഹനത്തിനു നേരെ ഒരു സംഘം നാടന്‍ ബോംബുകള്‍ എറിയുകയും സംഭവത്തില്‍ പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ കൊല്ലപ്പെടുകയും മറ്റു രണ്ടു പൊലീസുകാര്‍ക്കു ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു. ക്യാപ്പിറ്റല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണു പ്രതികള്‍ക്കു ശിക്ഷ വിധിച്ചിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്നു സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഭീകര സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംഘം സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതായും പൊലീസ്, സൈനിക വാഹനങ്ങള്‍ ആക്രമിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും കണ്ടെത്തിയെന്നു അല്‍ ഹമാദി പറഞ്ഞു. തുടര്‍ന്നു സംഘം പൊലീസിന്റെ നീക്കം നിരീക്ഷിക്കുകയും പൊലീസ് വാഹനം കര്‍ബാബാദില്‍ എത്തിയപ്പോള്‍ വാഹനത്തിനു നേരെ പെട്രോള്‍ ഒഴിക്കുകയും തീപടര്ത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ പൊലീസ് ഡ്രൈവര്‍ കൊല്ലപ്പെടുകയായിരുന്നു. പൊലീസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണു കണ്ടെത്തിയത്. മറ്റു രണ്ടു പൊലീസുകാര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
സാക്ഷിമൊഴി, പ്രതികളുടെ കുറ്റസമ്മത മൊഴി, സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് തുടങ്ങിയവ കോടതി തെളിവായി സ്വീകരിച്ചു. ഹൈ ക്രിമിനല്‍ കോടതി പ്രതികളുടെ അഭിഭാഷകരുടെ വാദം കേട്ടശേഷമാണു ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് എല്ലാ വിധ നിയമ സഹായവും ലഭിച്ചതായി അഡ്വക്കറ്റ് ജനറല്‍ നിരീക്ഷിച്ചിരുന്നു. പ്രതികള്‍ക്കു വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവകാശവും അനുവദിച്ചു.