ദമാം: ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പ്രതിമാസ ട്യൂഷൻ ഫീസ് ഏകീകരിച്ച സ്‌കൂൾ അധികൃതരുടെ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ഒഐസിസി ദമാം റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ പുതുതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന നിയമ പരിഷ്‌കാരങ്ങളിലൂടെ ഇടത്തരക്കാരായ പ്രവാസികൾക്ക് കുടുംബവുമൊത്ത് സൗദിയിൽ കഴിയുകയെന്നത് വലിയൊരു വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ ദമാം ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികൾക്ക് നൽകിയിരുന്ന ഫീസിളവ് സാധാരണക്കാരായ കുടുംബങ്ങൾക്ക് ആശ്വാസകരമായിരുന്നു. തിരിച്ചുപോക്കിന്റെ വക്കിലെത്തി നിൽക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് സ്‌കൂൾ അധികൃതരുടെ തീരുമാനം ഇരുട്ടടിയാണെന്നും, ഇതിനെതിരെ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം രക്ഷാകർതൃ സമൂഹത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഒഐസിസി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധിയാളുകളാണ് ഫീസ് ഏകീകരണ തീരുമാനത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒഐസിസിയെ ബന്ധപ്പെടുന്നത്. മാനേജ്‌മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ രക്ഷകർത്താക്കളുടെ വോട്ടുകൾ നേടി നേതൃത്വത്തിലെത്തിയവർ രക്ഷാകർത്താക്കളുടെ ന്യായമായ ആവലാതികൾ ഉൾക്കൊള്ളുവാൻ തയാറാകണം. എംബസിയും ഹയർബോർഡും ഫീസ് ഏകീകരണത്തിന് ആവശ്യപ്പെട്ടപ്പോൾ നിലവിൽ സൗദി അറേബ്യയിലെ പുതിയ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രവാസി കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഫീസ് ഏകീകരണം അസാധ്യമാണെന്ന് മാനേജ്‌മെന്റ് കമ്മിറ്റി ബോധ്യപ്പെടുത്തണമായിരുന്നു. അക്കാര്യത്തിൽ ജുബൈൽ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം അഭിനന്ദനാർഹമാണ്. ആയതിനാൽ ദമാം ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ അപക്വമായ തീരുമാനം പിൻവലിച്ച് നിലവിലെ ഫീസ് ഘടന തുടരണമെന്ന് ഒഐസിസി ദമാം റീജിയണൽ പ്രസിഡന്റ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലിമും ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ