സലാല: അറബിക്കടലിൽ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തേക്ക്. സലാലയ്ക്ക് 150 കിലോമീറ്റർ അകലെ ചുഴലിക്കാറ്റ് എത്തിയതായാണ് വിവരം. മണിക്കൂറിൽ 167 കിലോമീറ്റർ ആണ് കാറ്റിന്റെ വേഗത. യെമന്‍റെ ഭാഗമായ സൊക്കോത്ര ദ്വീപിൽ നാശം വിതച്ച ശേഷമാണ് കാറ്റ് സലാലയിലേക്ക് അടുക്കുന്നത്.

ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. തിങ്കളാഴ്‌ചവരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സലാല വിമാനത്താവളവും തുറമുഖവും താൽക്കാലികമായി അടച്ചിട്ടു. നിരവധിപേരെ മാറ്റിപാർപ്പിച്ചു. പൊലീസും സൈന്യവും കനത്ത ജാഗ്രതയിലാണ്.

ശനിയാഴ്‌ച പുലർച്ചെയോടെ കാറ്റ് സലാലയിലേക്ക് എത്തുമെന്നാണ് സൂചന. ഒമാനിലെ മൂന്നാമത്തെ വലിയ നഗരമായ സലാലയിൽ രണ്ടു ലക്ഷത്തോളം പേരാണുളളത്. ചുഴലിക്കാറ്റിനെ തുടർന്ന് തിരമാലകൾ ഉയർന്നുപൊങ്ങാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തെക്കു പടിഞ്ഞാറൻ അറബിക്കടലിലും വെസ്റ്റ് സെൻട്രൽ ഭാഗത്തുമുളള മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്

കാറ്റ് സലാലയിലേക്ക് അടുക്കുന്നതിന് മുന്നോടിയായി നഗരം സ്ഥിതി ചെയ്യുന്ന ദോഫർ പ്രദേത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. റോഡുകൾ വെളളക്കെട്ടുകളാൽ മൂടിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ