റിയാദ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്​ ഇന്ത്യയുമായി സഹകരണം ശക്​തമാക്കാൻ സൗദി അറേബ്യ. ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവയ്ക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവി​ന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സഹകരണത്തിന് അംഗീകാരം നൽകിയത്.

ഇന്ത്യയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനും ധാരണപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിനും ആഭ്യന്തര മന്ത്രി സുഊദ് ബിന്‍ നായിഫ് ബിന്‍ അബ്​ദുല്‍ അസീസിനെ ചുമതലപ്പെടുത്തി. സൈബര്‍ ലോകത്തി​ന്റെ വികാസത്തിന്​ അനുസരിച്ച് ഈ രംഗത്തെ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മേഖലയിലെ രണ്ട് വന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നത്​. സൈബര്‍ കുറ്റങ്ങള്‍ സൗദി നേരത്തെ തന്നെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്​. വിവിധ കുറ്റങ്ങളില്‍ പ്രതിയാകുന്നവരെ കൈമാറാനുള്ള കരാര്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഒപ്പുവച്ചിട്ടുമുണ്ട്​.

സൈബര്‍ ലോകത്തെ കുറ്റങ്ങള്‍ തടയാനുള്ള കരാര്‍ കൂടി ഒപ്പുവയ്ക്കുന്നതോടെ ഈ രംഗത്തും കുറ്റവാളികളെ ഇരു രാജ്യങ്ങള്‍ക്കും കൈമാറാനാവും. ഇരു രാജ്യത്തെയും ആഭ്യന്തര മന്ത്രിമാര്‍ ഒപ്പുവയ്ക്കുന്ന ധാരണപത്രം അന്തിമ അംഗീകാരത്തിനായി സൗദി ഉന്നതസഭക്ക് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook