മനാമ: രാജ്യത്ത് ഇന്റര്‍നെറ്റ് സുരക്ഷ ശക്തമാക്കുന്നതിനാവശ്യമായ പദ്ധതികളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര തലത്തിലുണ്ടായ സൈബര്‍ ആക്രമണത്തിന്റെ പാശ്ചാത്തലത്തിലാണ് നിര്‍ദേശം. സ്ഥാപനങ്ങളും വ്യക്തികളും ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.

കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനായി റമസാനില്‍ സഹായങ്ങള്‍ വര്‍ധിപ്പിക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അംഗവൈകല്യമുളളവര്‍ക്കുമുള്ള സാമൂഹിക ക്ഷേമ സാമ്പത്തിക സഹായം റമസാന്‍ വേളയില്‍ ഇരട്ടിയാക്കും. സാമൂഹിക സുരക്ഷിതത്വം സാധ്യമാക്കുന്നതിനും സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം ഉറപ്പുവരുത്തുന്നതിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മാധ്യമമേഖല സുതാര്യവും ശക്തവുമാക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളില്‍ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും രാജ്യത്തിന്റെ പുരോഗതിയും വളര്‍ച്ചയും ഉറപ്പാക്കാന്‍ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരൂം സാഹിത്യകാരന്‍മാരും നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഫിഫ’ സമ്മേളനത്തിന് ആതിഥ്യം വഹിക്കാനായത് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ‘ഗ്രാവിറ്റി ഇന്‍ഡോര്‍ സ്‌കൈ ഡൈവിങ്ങി’ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദ്യ ജിസിസി തല മത്സരങ്ങള്‍ വിജയകരമായി നടത്തിയതും അഭിമാനകരമാണ്. കായിക മേഖലയില്‍ ബഹ്‌റൈന്റെ സ്ഥാനം ഉയരാന്‍ രണ്ട് പരിപാടികളും സഹായകരമാകുമെന്ന് ക്യാബിനറ്റ് വിലയിരുത്തി. ജിസിസി തല എക്‌സിബിഷനുകള്‍ക്കും സമ്മേളനങ്ങള്‍ക്കും ആതിഥ്യമേകാനും വിജയിപ്പിക്കാനും ബഹ്‌റൈന് തുടര്‍ച്ചയായി സാധിക്കുന്നുണ്ട്. ഇത്തരം പരിപാടികള്‍ ഭാവിയിലും നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് ഗള്‍ഫ് ഇലക്‌ട്രോണിക് ഇലക്ട്രിക്കല്‍ എക്‌സിബിഷനും വിജയകരമായിരുന്നു.

സിഞ്ച്, ബിലാദുല്‍ ഖദീം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും നിര്‍ദേശമുണ്ട്. മൃഗ ചികിത്സ മേഖലയില്‍ ജിസിസി രാജ്യങ്ങളുമായി സഹകരിക്കുന്നതിനും വെറ്ററിനറി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഏകീകൃത പര്‍ച്ചേസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. മതരംഗത്ത് ബഹ്‌റൈനും കിര്‍ഗിസ്താനും തമ്മില്‍ സഹകരിക്കുന്നതിനെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ നിയമകാര്യ സമിതി വിലയിരുത്തും. ബഹ്‌റൈനി ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. അകാരണമായുള്ള പിരിച്ചുവിടല്‍ ഒഴിവാക്കും. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ, തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം എന്നിവയെ ചുമതലപ്പെടുത്തി.

പാര്‍ലമെന്റ് സമര്‍പ്പിച്ച രണ്ടു നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിയമകാര്യ മന്ത്രിതല സമിതി തയാറാക്കിയ സര്‍ക്കാരിന്റെ മറുപടി അംഗീകരിക്കുകയും ചെയ്തു. പൊതുസ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ധനസഹായമുള്ള കമ്പനികളിലെയും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ നിയമനം, ബഹ്‌റൈനില്‍ വലിയ തോതില്‍ സാന്നിധ്യമുള്ള പ്രവാസി ജനതയുടെ രാജ്യങ്ങളുമായുള്ള ജുഡീഷ്യല്‍ സഹകരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കാണ് അംഗീകാരം നല്‍കിയത്. സൗദിയിലെ ഖത്തീഫില്‍ നടന്ന തീവ്രവാദി ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. സൗദിയിലെ മുഴുവന്‍ പ്രദേശങ്ങളിലും സമാധാനം സ്ഥാപിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും സല്‍മാന്‍ രാജാവ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ