റിയാദ് : ഇന്ത്യൻ രൂപയുടെ തളർച്ച അത്ര ശുഭകരമായ വാർത്തയല്ലങ്കിലും പ്രവാസികൾക്കത് താത്കാലിക ആശ്വാസം പകരുന്ന ശുഭ വാർത്ത തന്നെ. രൂപയുടെ തളർച്ചയിലൂടെ ഒരു റിയാലിന് 18.35 ന് മുകളിൽ എത്തി നിൽക്കുന്നു.

അതെസമയം ഇത്തവണ ഈ അവസരം മൂലമുളള നേട്ടം കൈവരിക്കാൻ കഴിയാത്തവരാണ് പല പ്രവാസികളിൽ നല്ലൊരു വിഭാഗം. തൊഴിൽ രംഗത്തെ പ്രതിസന്ധികളും ലെവി ഉൾപ്പടെയുള്ള അമിത ചെലവുകളും കഴിഞ്ഞാൽ ഈ അവസരം ഉപയോഗപ്പെടുത്താൻ മിച്ചമൊന്നുമില്ല. പലർക്കും ജോലിയുണ്ടെങ്കിലും കമ്പനികൾ പ്രതിസന്ധിയിലായതിനാൽ ശമ്പളം കൃത്യമായി ലഭിക്കുന്നില്ല.

നാട്ടിലെ ബാങ്ക് ലോണുകളും മറ്റ് കട ബാധ്യതകളും കൊടുത്ത് തീർക്കാനാണ് പ്രധാനമായും രൂപയുടെ മൂല്യം ഇടിയുന്ന അവസരം പ്രവാസികൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇത്തവണ ഈ അവസരം പാഴാക്കേണ്ടി വരുന്ന നിരാശയിലാണ് പലരും.

മലയാളികളടക്കം പതിനായിരങ്ങൾ ജോലിചെയ്യുന്ന പല ചെറുകിട മേഖലകളും സെപ്തംബർ മാസം മുതൽ പൂർണ്ണമായും സ്വദേശി വത്കരിക്കുമെന്ന തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഉള്ളതിനാൽ പലരും ഇവിടെയുള്ള ബാധ്യതകൾ തീർക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്.

നിയമം നടപ്പിലായാൽ നിരവധി പേരുടെ ജോലി നഷ്‌ടപ്പെടും. സ്ഥാപനങ്ങൾ അടച്ചു പൂട്ടും. അങ്ങിനെ വരുമ്പോൾ ഇതുവരെയുള്ള സ്‌പോൺസറുടെ ബാധ്യത,തൊഴിലാളികളുടെ ശമ്പളം, കെട്ടിട വാടക തുടങ്ങി ഇവിടെത്തന്നെ ചെലവുകൾ ഏറെയാണ്.
നാട്ടിലേയ്ക്ക് പണമയക്കാൻ ഈ ഘടകങ്ങളെല്ലാം തടസ്സമാണെന്നിരിക്കെ ഇത്തവണയുള്ള രൂപയുടെ തളർച്ചയിൽ നിന്നും മുൻകാലങ്ങളിലെ നേട്ടം പ്രവാസി മലയാളികൾക്ക് ലഭിക്കാനുളള സാധ്യത കുറവാണ്.

വാർത്ത : നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook