മനാമ: രാജ്യത്ത് അടുത്ത മാസം മുതല്‍ കമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ (സിആര്‍) ഫീസ് വര്‍ധിക്കും. ഇതുപ്രകാരം സിആറില്‍ രേഖപ്പെടുത്തിയ ഓരോ ഇനത്തിനും പ്രത്യേകം ഫീസ് നല്‍കേണ്ടിവരും. ചില വിഭാഗങ്ങളില്‍ 20 മടങ്ങുവരെയാണു ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സിആറില്‍ പറഞ്ഞിട്ടുള്ള ചില ഭക്ഷ്യസാധനങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ഉള്‍പ്പെടെ ഓരോ ഇനത്തിനും പ്രത്യേകം ഫീസും നൽകണം.

നിരക്കു വര്‍ധന അനുസരിച്ച് പ്രതിവര്‍ഷം ഫീസ് ഇനത്തില്‍ 50 ദിനാര്‍ നല്‍കിയിരുന്ന ഒരു കോള്‍ഡ് സ്‌റ്റോര്‍ ഉടമ കമേഴ്‌സ്യല്‍ ആക്ടിവിറ്റി ഫീസ് ഇനത്തില്‍ 300 ദിനാറെങ്കിലും നല്‍കേണ്ടി വരും. പുകയില ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍ക്കാന്‍ വേറെയും ഫീസ് നല്‍കേണ്ടി വരും. ഫീസ് വര്‍ധനയില്‍ ബഹ്‌റൈനിലെ വ്യാപാരി സമൂഹം ആശങ്കയിലാണ്. പൊതുവെ ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിലാണെന്നും അതിനിടെ സിആര്‍ ഇനത്തില്‍ വന്നിട്ടുള്ള വലിയ ബാധ്യത താങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും വ്യാപാരികള്‍ പറയുന്നു. പുതിയ നിരക്ക് നിലവില്‍ വരുന്നതിനു മുമ്പു തന്നെ സിആര്‍ പുതുക്കാനുള്ള നെട്ടോട്ടത്തിലാണു വ്യാപാരികള്‍.

നിര്‍മാണ മേഖലയില്‍ 50 ദിനാര്‍ ഉണ്ടായിരുന്ന സിആര്‍ ഫീസ് 1000 ദിനാറായാണു വര്‍ധിച്ചത്. ഇതുമൂലം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സിആര്‍ ഉണ്ടായിരുന്ന പലരും ബില്‍ഡിങ്ങ് മെയിന്റന്‍സ് (കെട്ടിട അറ്റകുറ്റപ്പണി) എന്ന ഇനത്തിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അറ്റകുറ്റപ്പണിയുടെ സിആര്‍ ഉള്ളവര്‍ നിര്‍മാണ പ്രവൃത്തി നിര്‍വഹിക്കുന്നതു കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സിആര്‍ ഫീസ് കുത്തനെ ഉയര്‍ത്തിയത് പിന്‍വലിക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നു ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി ഭാരവാഹികള്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയെ നേരില്‍കണ്ട് നിരക്കു വര്‍ധന പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ഫീസ് വര്‍ധന വ്യാപാര രംഗത്തെ ദോഷകരമായി ബാധിക്കുമെന്നു ജിസിസി ഗോള്‍ഡ് ആന്റ് ജ്വല്ലറി അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ സാജിദ് ശൈഖ് പ്രതികരിച്ചു. ഈ വര്‍ഷം സ്വര്‍ണ വ്യാപാര രംഗത്ത് 40 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. ബഹ്‌റൈനില്‍ ജീവിത ചെലവ് വന്‍തോതില്‍ ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ കൂടെ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനുള്ള ചെലവുകൂടി ഉയരുന്നത് താങ്ങാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പ്രാദേശിക പത്രത്തോടു പറഞ്ഞു.

രാജ്യത്ത് വിവിധ വ്യാപാരികളുടെ ഏഴു സംഘടനകളും ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തയച്ചു. അനാവശ്യ ഫീസ് ഒടുക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സിആറില്‍ വെറുതെ രേഖപ്പെടുത്തിയിട്ടുള്ള സേവനങ്ങള്‍ നീക്കം ചെയ്താല്‍ ഫീസ് വര്‍ധനയുടെ ഭാരത്തില്‍ നിന്ന് ഒഴിയാമെന്നാണ് സിആര്‍ പോര്‍ട്ടലായ ‘സിജിലാത്തി’ലൂടെയുള്ള അറിയിപ്പില്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook