അബുദാബി: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലാണ് സംഘമെത്തിയത്. അത്യാഹിത പരിചരണത്തില്‍ പ്രാവീണ്യമുള്ള നഴ്‌സുമാരും ഡോക്ടറും പാരാമെഡിക്കല്‍ വിദഗ്ധരും അടക്കമുള്ള സംഘമാണ് എത്തിയത്. ഇവരില്‍ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്.

ഇന്ത്യ, യുഎഇ സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് ആരോഗ്യപ്രവര്‍ത്തകരെത്തിയത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപ്പൂര്‍ പറഞ്ഞു.

‘ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കരുത്തേകുമെന്ന് നമ്മള്‍ എല്ലായ്‌പ്പോഴും ഊന്നിപറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നാണ് ഇന്ത്യയും യുഎഇയും ഇപ്പോള്‍ കാണിച്ചുതരുന്നത്. നമ്മുടെ രാഷ്ട്രങ്ങള്‍ പങ്കുവയ്ക്കുന്ന കരുത്തുറ്റ ദീര്‍ഘകാല ബന്ധത്തെ തുടര്‍ന്നാണ് ഇത് സാധ്യമായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ യുഎഇയില്‍ ജോലി ചെയ്തിരുന്ന 30 പേരും സംഘത്തിലുണ്ട്. അവധിക്ക് നാട്ടില്‍ വന്ന് ലോക്ക് ഡൗണ്‍ കാരണം തിരിച്ചു പോവാനാകാതെ നാട്ടില്‍ കുടുങ്ങിയതാണ് ഇവര്‍.

Read Also: പൃഥ്വിരാജും സംഘവും നാളെ കഴിഞ്ഞ് നാട്ടിലെത്തും

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളെ യാത്രയ്ക്കായി കൊച്ചിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റേയും ഇടപെടല്‍ ഉണ്ടായി. വിവിധ ജില്ലക്കാരായ ഇവരെ പ്രത്യേകം ഏര്‍പ്പാടാക്കിയ കെഎസ്ആര്‍ടിസി ബസുകളിലാണ് ഞായറാഴ്ച കൊച്ചിയില്‍ എത്തിച്ചത്.

നാലു കെഎസ്ആര്‍ടിസി ബസുകളാണ് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരെ കൊച്ചിയില്‍ എത്തിക്കുന്നതിനായി വിട്ടുനല്‍കിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ബസ് അനുവദിച്ചത്. ഓരോ ജില്ലകളില്‍നിന്നും ഉള്ളവര്‍ക്ക് ബസ് റൂട്ടും സമയവും നേരത്തേ തന്നെ നല്‍കിയിരുന്നു. ഇതനുസരിച്ച് വീടുകളില്‍നിന്നും ഏറ്റവും അടുത്ത കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നാണ് ഇവര്‍ യാത്രയുടെ ഭാഗമായത്. ശനിയാഴ്ചയായിരുന്നു കൊച്ചിയിലേക്കുള്ള ഈ യാത്ര. ശാരീരിക അകലം പാലിച്ചായിരുന്നു യാത്ര.

ആരോഗ്യ വകുപ്പ് സംഘത്തിലുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പിസിആര്‍ പരിശോധനയില്‍ എല്ലാവരുടെയും സാംപിളുകള്‍ നെഗറ്റീവ് ആണ്.

Read Also: ‘ഡക്കി’ന് പിന്നിലെ കഥ; ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡക്കുകളെന്ന റെക്കോർഡ് പാക്കിസ്ഥാന്

കുഞ്ഞുങ്ങളെ നാട്ടില്‍ ആക്കിയശേഷമാണ് പല നഴ്‌സുമാരും യുഎഇയിലേക്ക് കോവിഡ്-19 പ്രതിരോധത്തിനായി എത്തിയത്. കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ രോഗിയെ പരിചരിച്ച് പരിചയമുള്ള കമറുന്നീസ യുഎഇയില്‍ ആദ്യമായിട്ടാണ് എത്തുന്നത്. വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും പിന്തുണയും പ്രോത്സാഹനവും കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നും 2018ല്‍ കോഴിക്കോട്ട് നിപ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഒരു രോഗിയെ പരിചരിച്ച അനുഭവപാടവം തുണയാകുമെന്നും കമറുന്നിസ പറയുന്നു.

വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ യാത്രയ്ക്ക് ആവശ്യമായ അനുമതികള്‍ നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook