റിയാദ്/മനാമ: യുഎഇക്ക് പിറകെ സൗദി അറേബ്യയിലും ബഹ്റൈനിലും പൊതുജനങ്ങൾക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. സൗദിയിൽ ഫൈസർ കോവിഡ് വാക്സിൻ ആണ് വിതരണം ചെയ്യാനാരംഭിച്ചത്. ബഹ്റൈനിൽ സിനോഫാം വാക്സിൻ വിതരണവും ആരംഭിച്ചു.
സൗദിയിൽ ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ ആദ്യ വാക്സീൻ സ്വീകരിച്ചു. സൗദിയിൽ ഫൈസർ വാക്സീന്റെ ആദ്യ ബാച്ച് ഇറക്കുമതി ചെയ്തതായി അധികൃതർ അറിയിച്ചിരുന്നതിന് പിറകെയാണ് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഅ ആദ്യ വാക്സിൻ സ്വീകരിച്ചത്.
ബഹ്റൈനിൽ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സിൻ സ്വീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യവ്യാപകമായി കൊവിഡ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് ബഹ്റൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
സൗജന്യമായാണ് വാക്സിൻ വിതരണം എന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ബഹ്റൈനിൽ ദേശീയ വാക്സീനേഷൻ പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
യുഎഇയിൽ ഏതാനും ദിവസം മുൻപാണ് പൊതുജനങ്ങൾക്ക് സിനോഫാം വാക്സിൻ വിതരണം ചെയ്യാൻ ആരംഭിച്ചത്. സ്വകാര്യ ആശുപത്രികൾ വഴിയായിരുന്നു വിതരണം ആരംഭിച്ചത്.