അബൂദബി: കോവിഡ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകല ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പാസ്പോർട്ട് സേവനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി അബൂദബിയിലെ ഇന്ത്യൻ എംബസി. ഇതിന്റെ ഭാഗമായി പാസ്പോർട്ട് സേവനങ്ങൾ പരിമിതപ്പെടുത്തുകയാണെന്ന് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പാസ്പോർട്ടിന്റെയോ യുഎഇ റെസിഡന്റ് വിസയുടെയോ കാലവധി കഴിഞ്ഞവരോ, അല്ലെങ്കിൽ ഈ വർഷം നവംബർ 20ന് മുൻപ് അവയുടെ കാലാവധി കഴിയാനിരിക്കുന്നവരോ ആയവർക്ക് മാത്രമാണ് പാസ്പോർട്ട് പ്രൊസസിങ് ലേഖനങ്ങൾ ലഭ്യമാക്കുകയെന്ന് എംബസി അറിയിച്ചു.

ഇതിന് പുറമെ ആർക്കെങ്കിലും അടിയന്തരമായി പാസ്‌പോർട്ട് സേവനം ആവശ്യമാണെങ്കിൽ അവർക്കും അത് ലഭ്യമാക്കുമെന്ന് എംബസി വ്യക്തമാക്കി. ഇതിനായി എന്താണ് അടിയന്തര പ്രാധാന്യമെന്ന് വ്യക്തമാക്കി ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ സഹിതം cons.abudhabi@n1ea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അത്തരം എല്ലാ ഇമെയിലുകൾക്കും എംബസി മറുപടി നൽകും. ആവശ്യമായ കോൺസുലർ സേവനവും ലഭ്യമാക്കും.

ഈ നിർദേശങ്ങൾ അനുസരിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരോടും അഭ്യർത്ഥിക്കുന്നതായി എംബസി വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ ക്രമീകരണങ്ങൾ തുടരുമെന്നും എംബസി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook