അബുദബി: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യമായി യുഎഇ. ഇതുവരെ 15.5 ദശലക്ഷം ഡോസ് വാക്സിനാണ് യുഎഇയിൽ നൽകിയത്.
യുഎഇയിലെ ജനസംഖ്യയുടെ 72.1 ശതമാനം പേർക്കും രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയിതായി ബ്ലൂംബെർഗിന്റെ വാക്സിൻ ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സീഷെൽസ് ആണ് ഈ പട്ടികയിൽ രണ്ടാമത്. 71.7 ശതമാനം പേർക്കാണ് സീഷെൽസിൽ വാക്സിൻ നൽകിയത്.
അതേസമയം, മൊഡേണ കോവിഡ് വാക്സിന് യുഎഇ അംഗീകാരം നൽകി. വാക്സിന് യുഎഇ അംഗീകാരം നൽകിയതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തെ അധികരിച്ച് ഔദ്യഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. യുഎഇയിൽ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് മൊഡേണയുടേത്. സിനോഫാം, ഫൈസർ-ബയോൺടെക്, സ്പുട്നിക് 5, ഓക്സ്ഫോഡ്-ആസ്ട്രസെനക എന്നിവയുടെ വാക്സിനുകൾക്കാണ് ഇതിനു മുൻപ് യുഎഇ അംഗീകാരം നൽകിയിരുന്നത്.
ഗൾഫ് മേഖലയിലെ വിനോദസഞ്ചാര, വാണിജ്യ, വ്യവസായ ഹബ്ബായ യുഎഇയിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ യജ്ഞങ്ങളിലൊൊന്നാണ് നടക്കുന്നത്. എന്നാൽ പ്രതിദിന രോഗബാധകളുടെ എണ്ണം ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ തുടരുന്നു. ഫെബ്രുവരിയിൽ രാജ്യത്ത് പ്രതിദിന രോഗബാധകൾ 4000 എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു. യുഎഇയിൽ കോവിഡിന്റെ ബീറ്റ, ഡെൽറ്റ, ആൽഫ വേരിയന്റുകൾ വ്യാപിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ശനിയാഴ്ച യുഎഇയിൽ 1,632 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,561 പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ആറ് മരണങ്ങളും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.