ദോഹ: സെപ്‌റ്റംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമെന്ന് ഖത്തർ. രാജ്യത്ത് 2020-21 അധ്യയനവർഷത്തേയ്‌ക്കായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്‌റ്റംബർ ഒന്നുമുതൽ വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ഖത്തർ അറിയിക്കുന്നത്. സെപ്‌റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് ഖത്തർ പറയുന്നത്.

ഓഗസ്റ്റ് 19 ഓടെ അധ്യാപകരും മറ്റ് ജീവനക്കാരും ജോലിയിൽ പ്രവേശിക്കണം. സെപ്‌റ്റംബർ ഒന്നിനു തന്നെ വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ അധ്യയനം ആരംഭിക്കും. ഹാജർനില വളരെ പ്രധാനപ്പെട്ടതാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിക്കുന്നു.

Read Also: വളരെ അടുത്ത ബന്ധമുണ്ട്; ശിവശങ്കറിനെ കുരുക്കുന്ന മൊഴിയുമായി സരിത്

കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര പദ്ധതി നടപ്പിലാക്കാനായി സ്‌കൂള്‍ ഭരണനിര്‍വഹണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

പുതിയ അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ  മെഡിക്കല്‍ പരിശോധന ജൂലൈ 19 മുതല്‍ ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

Read Also: ഇങ്ങനെ വിളിച്ചാൽ ഏതു വരാലും നീന്തിവരും; മക്കളുടെ വീഡിയോയുമായി സാന്ദ്ര തോമസ്

നാല് ഘട്ടമായി തിരിച്ചാണ് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഖത്തർ പിൻവലിക്കുന്നത്. സെപ്‌റ്റംബർ ഒന്ന് മുതലാണ് നാലാം ഘട്ടം ആരംഭിക്കുക. മാസ്‌ക് ധരിക്കുക, ഇടവേളകളിൽ കെെകളും മുഖവും കഴുകി വൃത്തിയാക്കുക, സാനിറ്റെെസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയെല്ലാം വളരെ കർശനമായി രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook