ദുബായ്: നൈഫിലെ കോവിഡ് ബാധിതര്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനിടെ കോവിഡ് ബാധിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പളി രോഗമുക്തനായി. തുടര്‍ച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റിവ് ആയതിനെ തുടര്‍ന്ന് നസീര്‍ ആശുപത്രി വിട്ടു. പതിനാലു ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തനായിറങ്ങിയ നസീറിനെ ഡോക്ടര്‍മാരും നേഴ്‌സുമാരും ജീവനക്കാരും കയ്യടികളോടെ ആശുപത്രിയില്‍ നിന്ന് യാത്രയാക്കി. ദുബായ് വിപിഎസ്-മെഡിയോര്‍ ആശുപത്രിയിലാണ് നസീര്‍ ചികിത്സയില്‍ കഴിഞ്ഞത്.

രോഗബാധിതനായതിനെ തുടര്‍ന്ന് ഏപ്രില്‍ ആറാം തീയതിയാണ് നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൈഫില്‍ ഇന്ത്യക്കാരടക്കമുള്ളവരെ പരിശോധയ്ക്ക് എത്തിക്കാന്‍ ശ്രമിച്ച അതേ ആവേശം ആശുപത്രിക്കിടക്കയിലും നസീര്‍ തുടര്‍ന്നു. വിവിധ സംഘടനകളും വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന കോവിഡ് കോര്‍ക്കമ്മിറ്റിയുമായി ഫോണിലൂടെയും വീഡിയോ കോളിലൂടെയും നിരന്തരം ആശയവിനിമയം നടത്തി നൂറു കണക്കിനാള്‍ക്കാര്‍ക്ക് സഹായം എത്തിച്ചു.

പരിശോധനാ ഫലം പോസിറ്റിവ് ആണെന്നറിഞ്ഞപ്പോള്‍ നേരിട്ട് ചെയ്യാനുള്ള കുറേക്കാര്യങ്ങള്‍ ഇനി പറ്റില്ലല്ലോ എന്ന നിരാശയില്‍ ആയിരുന്നുവെന്ന് നസീര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ആദ്യ ദിവസം തന്നെ അത് മാറി. പ്രാര്‍ത്ഥനകളും ആരോഗ്യ അന്വേഷണവുമായി അനവധി ഫോണ്‍ കോളുകളാണ് ലഭിച്ചത്. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും ഒക്കെ അതില്‍ ഉണ്ടായിരുന്നു. പരിചയമില്ലാത്തവര്‍ പോലും സമൂഹ മാധ്യമങ്ങളിലൂടെ പ്രാര്‍ത്ഥനയുമായി എത്തി. പ്രവര്‍ത്തനം ആശുപത്രിയിലും തുടരാനുള്ള ഊര്‍ജമായി അത് മാറി. തിരിച്ചു വീട്ടിലേക്ക് പോകാതെ പ്രവര്‍ത്തനത്തില്‍ എത്രയും വേഗം മുഴുകാനാണ് തീരുമാനം. ഒരാളുടെയും വേദന കണ്ടുകൊണ്ടിരിക്കാന്‍ എനിക്കാവില്ല.’ ആശുപത്രി വിട്ടിറങ്ങിയ നസീര്‍ പറഞ്ഞു.

Read Also: എയര്‍ ഇന്ത്യ ബുക്കിങ് ആരംഭിക്കുന്നു; തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം

‘കോവിഡ് വ്യാപനം തുടങ്ങിയശേഷം രാവിലെ എട്ടര മണിക്ക് എണീറ്റാല്‍ രാത്രി പന്ത്രണ്ടിന് ഉറങ്ങുന്നത് വരെ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. ദിവസം ചുരുങ്ങിയത് 12-13 മണിക്കൂര്‍ വരെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരുന്നു. നാല് വീഡിയോ കോണ്‍ഫറന്‍സുകള്‍ എങ്കിലുമുണ്ടാകും. വൈകീട്ട് കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് ദിവസവും ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിക്കുന്ന സഹായാഭ്യര്‍ഥനകള്‍ ക്രോഡീകരിക്കും. അതാണ് ഞങ്ങള്‍ ദുബായ് ഏജന്‍സികള്‍ക്ക് സഹായത്തിനായി കൈമാറുന്നത്. ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നും വിശ്രമിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പലപ്പോഴും അതിനു കഴിയാറുണ്ടായിരുന്നില്ലെന്നതാണ് സത്യം.’ നസീര്‍ പറഞ്ഞു.

തുടക്കത്തില്‍ ഫോണ്‍ വിളികള്‍ വര്‍ധിച്ചത് കാരണം പിന്നീട് വാട്‌സാപ്പ് നമ്പര്‍ നല്‍കി സന്ദേശങ്ങളിലൂടെയാണ് നസീര്‍ കൂടുതലും ആള്‍ക്കാരുമായി ബന്ധപ്പെട്ടത്.

‘കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് ഒരു കുടുംബം വിളിച്ചു. ഒരു സ്ത്രീയും കുട്ടിയും.. അവര്‍ ഫോണിലൂടെ കരയുകയാണ്. ഭര്‍ത്താവ് പോസിറ്റിവ് ആണ്. തനിക്ക് ചില ലക്ഷണങ്ങള്‍ ഉള്ളതു കൊണ്ട് കോവിഡ് പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല, സഹായിക്കണം എന്നായിരുന്നു അഭ്യര്‍ത്ഥന. ടാക്‌സി എടുത്തു ദുബായില്‍ ഞാന്‍ ചികത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞു. ഡോക്ടറെയും അറിയിച്ചു. ഇവിടെത്തന്നെ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കി ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിയാണ് അവര്‍ മടങ്ങിയത്.’

ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ക്കൊപ്പം ആശുപത്രി ജീവിതം ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ നേര്‍ക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതായും നസീര്‍ പറഞ്ഞു.

Read Also: ബിഗ് ബോസ് കാല ലോക്ക്ഡൗണ്‍ വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്! ശ്വേത പറയുന്നു

‘മാസ്‌ക് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചു കോവിഡ് ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ അതിന്റേതായ ബുദ്ധിമുട്ട് ഞാന്‍ മനസിലാക്കിയാണ്. ഡോക്ടര്‍മാരും നേഴ്‌സുമാരും ഹൗസ്‌കീപ്പിംഗ് സ്റ്റാഫുകളും എന്‍-95 ധരിച്ചാണ് നില്‍ക്കുന്നത്. കണ്ണിനു സുരക്ഷ നല്‍കാന്‍ ഗ്ലാസ്സും. അവരുടെ മുഖത്തും കണ്ണിലും ഫോഗ് നിറയുകയാണ്. ദിവസവും മൂന്നു തവണ മുറിയില്‍ ശുചീകരിക്കാന്‍ വരുന്ന ഹൗസ് കീപ്പിംഗ് ജീവനക്കാരുണ്ട്. ഒരു മടിയും കൂടാതെയാണ് അവര്‍ നമ്മുടെ മുറി ശുചീകരിക്കുന്നതും കഴിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും ശുചിമുറി വൃത്തിയാക്കുന്നതും ഒക്കെ. അതൊക്കെ കാണുമ്പോള്‍ സ്വയം ഒരു വിഷമം തോന്നും. ഞാന്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞാലും അവര്‍ സമ്മതിക്കില്ല. പകരാന്‍ സാധ്യതയുള്ള അസുഖം ബാധിച്ച ഒരാള്‍ക്ക് സമീപത്തു നിന്നാണ് അവര്‍ ഒരു മടിയും കൂടാതെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ തോന്നും അവരെ കൂടുതല്‍ ബുദ്ധിമുട്ടിയ്ക്കാതിരിക്കാന്‍ ഇവിടെ നിന്ന് ഒരുമിനിറ്റ് എങ്കിലും നേരത്തെ പുറത്തുപോയാല്‍ മതിയെന്ന്.ഡോക്ടര്‍ സഹീര്‍ സൈനലാബ്ദീന്‍ ആണ് എന്നെ ചികിത്സിച്ചത്. അദ്ദേഹം ചെറു ചിരിയോടെ ആവശ്യമായ മരുന്നിനൊപ്പം ധൈര്യവും പകര്‍ന്നു തരുന്നയാളാണ്. മരുന്നും പരിശോധനകളും എന്തിനാണെന്ന് കൃത്യമായി പറഞ്ഞു മനസിലാക്കിത്തരും. മികച്ച പരിചരണമാണ് ലഭിച്ചത്. യുഎഇയിലെ ആരോഗ്യ രംഗത്തിന്റെ നേട്ടമായി കൂടിയാണ് ഇതിനെ കാണുന്നത്.’

കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് താളംതെറ്റിയ നൈഫിന്റെ തിരിച്ചുവരവിനൊപ്പം തന്നെയാണ് നസീര്‍ വാടാനപ്പള്ളിയുടേയും തിരിച്ചുവരവും. നൈഫില്‍ കോവിഡ് ലക്ഷണങ്ങളുമായി കഴിഞ്ഞിരുന്ന പതിനാലു പേരില്‍ നിന്നാണ് നസീറിനെ തേടി ആദ്യ കോള്‍ എത്തിയിരുന്നത്. മുറിയില്‍ കൂടെ താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി പോസിറ്റിവ് ആണെന്ന് നാട്ടില്‍ നിന്ന് വാര്‍ത്ത വന്നതായും ലക്ഷണങ്ങള്‍ ഉണ്ടായിട്ടും പരിശോധന പോലും നടത്താന്‍ ആകാതെ ഫ്ളാറ്റില്‍ കഴിയുകയാണെന്നുമുള്ള വിവരം ലഭിച്ചാണ് നസീര്‍ അവിടെയെത്തിയത്. ആള്‍ക്കാരോട് സംസാരിച്ച ശേഷം പോലീസില്‍ വിവരം കൈമാറി. ആംബുലന്‍സുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി സംഘവും എത്തി. പരിശോധന നടത്തി ആള്‍ക്കാരെ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളില്‍ കോളുകളുടെ എണ്ണം കൂടി. അങ്ങനെയാണ് 2500 പേരെ നൈഫില്‍ നിന്ന് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി എത്തിക്കാന്‍ രാപ്പകല്‍ ഭേദമില്ലാതെ നസീര്‍ പ്രവര്‍ത്തിച്ചത്. നസീറിന് സഹായവുമായി നിരവധി സംഘടനകളും വളണ്ടിയര്‍മാരുമെത്തിയതെന്നു നസീര്‍ പറുന്നു.

Read Also: Explained: കൊറോണവൈറസിനെ ആദ്യം വീക്ഷിച്ച ജൂണ്‍ അല്‍മെയ്ഡ ആരാണ്‌?

ഗ്ലൗസും, എന്‍ -95 മാസ്‌കും, ഗ്ലാസ്സും അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വൈകാതെ വീണ്ടും പ്രവര്‍ത്തന രംഗത്തിറങ്ങാനാണ് നസീറിന്റെ തീരുമാനം.

‘നൈഫിലെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുതല്‍ കുട്ടികളില്‍ നിന്നും വീട്ടുകാരില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ്. ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ആശുപത്രിയില്‍ ഭക്ഷണം ഉണ്ടായിരുന്നെങ്കിലും ഭാര്യ രണ്ടു ദിവസം കൂടുമ്പോള്‍ ഭക്ഷണം കൊടുത്തു വിടുമായിരുന്നു. വീട്ടിലേക്ക് മടങ്ങാതെ ഉടന്‍ പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ശ്രമം’

ഗര്‍ഭിണികള്‍, പ്രായമായവര്‍, മരുന്നില്ലാതെ വലയുന്നവര്‍, വിസിറ്റ് വിസയില്‍ ജോലി തേടിവന്ന് കാശ് തീര്‍ന്നു ബുദ്ധിമുട്ടുന്നവര്‍ ഇവരെയെല്ലാം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്നാണ് ഭൂരിഭാഗം പ്രവാസികളുടെയും പോലെ നസീറിന്റെയും അഭ്യര്‍ത്ഥന. യുഎഇ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്കും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ അവരെയും സഹായിക്കണം. അത്യാവശ്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ കമ്മ്യൂണിറ്റിയും കൈകോര്‍ത്ത് പ്രവാസികള്‍ക്ക് ചികിത്സയും സൗകര്യങ്ങളും ഒരുക്കാന്‍ ലേബര്‍ ക്യാമ്പുകള്‍ ഏറ്റെടുത്തു പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണം.

നസീര്‍ കോവിഡ് മുക്തനായെന്നും ഏതാനും ദിവങ്ങള്‍ കൂടി വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ചികിത്സിച്ച പള്‍മനോളജിസ്റ്റ് ഡോ. സഹീര്‍ സൈനലാബ്ദീന്‍ പറഞ്ഞു. വിശ്രമത്തിനു ശേഷം കോവിഡ് ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ പോവുകയാണെങ്കില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നസീറിന്റെ ആരോഗ്യ സ്ഥിതി ആരാഞ്ഞു നിരവധി അന്വേഷണങ്ങളാണ് യുഎഇയില്‍ നിന്നും കേരളത്തില്‍ നിന്നും ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നതെന്നു വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ദുബായ്- നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സിഇഒ ഡോ. ഷാജിര്‍ ഗഫാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook