റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 205 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൗദിയിൽ രോഗബാധിതരുടെ എണ്ണം 767 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാൻ സ്വദേശിയാണ് മദീനയിൽ വച്ച് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് ഒറ്റ ദിവസംകൊണ്ടാണ് 205 പേരിൽ രോഗം സ്ഥിരീകരിക്കുന്നത്. സൗദിയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേരിൽ രോഗം സ്ഥിരീകരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം ഭാഗമായി രാജ്യത്ത് 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സൽമാൻ രാജാവ് തിങ്കളാഴ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ കർഫ്യൂ നിലവിൽ വന്നു. ഈ ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ പുലർച്ചെ ആറ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More: Covid-19 Live Updates: കോവിഡ്-19: തമിഴ് നാട്ടിൽ ആദ്യ മരണം; രാജ്യത്ത് മരണ സംഖ്യ 11

കര്‍ഫ്യൂ നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. പൊതു-സ്വകാര്യ മേഖലയിലെ അവശ്യ ജീവനക്കാർ, സുരക്ഷ, സൈനികം, മാധ്യമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളും മെഡിക്കൽ ക്ലിനിക്കുകളും കർഫ്യൂ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

കർഫ്യൂ ദിവസങ്ങളിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook