ദുബായ്: ദുബായില്‍ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന്‍ വിതരണം ഇന്നു മുതല്‍. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യമായാണു വാക്‌സിന്‍ നല്‍കുന്നത്.

യുഎഇയിലെ രണ്ടാമത്തെ സൗജന്യ വാക്‌സിന്‍ വിതരണമാണിത്. ചൈനയുടെ സിനോഫാം വാക്‌സിന്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ സൗജന്യമായി നല്‍കിയിരുന്നു.
സിനോഫാം വാക്‌സിന്‍ 86 ശതമാനം ഫലപ്രദമാണെന്നാണ് യുഎഇ അധികൃതരുടെ വിലയിരുത്തല്‍.

അതേസമയം, അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോക്‌സ് എടുത്താല്‍ 95 ശതമാനം ഫലപ്രദമാണെന്ന് അധികൃതര്‍ പറയുന്നു.

ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്പ് ബ്രിട്ടനില്‍ ആരംഭിച്ചശേഷം വ്യാപകമായി ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ.ബ്രസല്‍സില്‍നിന്നാണ് ഫൈസര്‍-ബയോ ടെക് വാക്‌സിന്റെ ആദ്യ ബാച്ച് ദുബായിലെത്തിച്ചത്. എമിറേറ്റ്‌സിന്റെ പ്രത്യേകം സജ്ജമാക്കിയ സ്‌കൈ കാര്‍ഗോ വിമാനത്തിലാണു വാക്‌സിന്‍ കൊണ്ടുവന്നത്.

ബ്രിട്ടനെയും യുഎഇയെയും കൂടാതെ അമേരിക്ക, കാനഡ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്.

ഒമാനിൽ കോവിഡ് -19 വാക്‌സിൻ വിതരണം 27ന് ആരംഭിക്കും. ബുധനാഴ്ചത്തോടെ കോവിഡ് വാക്സിനുകളുടെ ആദ്യബാച്ച് രാജ്യത്തെത്തുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ഫൈസർ-ബയോഎൻടെക് വാക്സിനാണ് രാജ്യത്ത് എത്തിക്കുന്നത്. 15,600 ഡോസാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുക.

സൗദി അറേബ്യയില്‍ ഈ മാസം അവസാനത്തോടെ ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിത്തുടങ്ങും. വാക്‌സിന്‍ ഇറക്കുമതിക്കും ഉപയോഗത്തിനും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്‌ഡിഎ) അനുമതി നല്‍കി. വാക്‌സിനു റജിസ്‌ട്രേഷന്‍ നല്‍കിയതായി എസ്എഫ്‌ഡിഎ അറിയിച്ചു. ഫൈസര്‍ നവംബര്‍ 24 ന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റജിസ്‌ട്രേഷന്‍ നല്‍കിയതെന്ന് സൗദി പ്രസ് ഏജന്‍സി നടത്തിയ പ്രസ്താവനയില്‍ എസ്എഫ്‌ഡിഎ അറിയിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook