ന്യൂഡൽഹി: തിരിച്ചു പോകാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിസാ ചട്ടങ്ങള്‍. കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തിരികെ ജോലി ചെയ്യുന്ന രാജ്യത്തേക്ക് പോകുന്നതിനാണ് തടസേർം നേരിടുന്നത്.
ജൂണ്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോക്കോള്‍ പ്രകാരം മൂന്ന് മാസത്തേക്കുള്ള വിസ അവശേഷിക്കുന്നവര്‍ക്കു മാത്രമേ വിദേശത്തേക്കു പോകാന്‍ സാധിക്കുകയുള്ളൂവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ പ്രോട്ടോക്കോള്‍ പ്രകാരം വിദേശികള്‍ക്ക് തിരികെ പോകുന്നതിനു തടസമില്ല. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും വിദേശത്തേക്ക് യാത്ര ചെയ്യാം. കൂടാതെ മൂന്ന് മാസമെങ്കിലും വിസ കാലാവധിയുള്ളവര്‍ക്കും തിരികെ പോകാന്‍ സാധിക്കുമെന്ന് പ്രോട്ടോക്കോള്‍ പറയുന്നു.
Read Also: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണസംഖ്യ 12 ആയി
മാര്‍ച്ചിൽ ജോലി സംബന്ധമായ യോഗത്തിനു നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിയ ഹഫീദിന് യുഎഇയിലും പിന്നാലെ ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തിരികെ പോകാന്‍ കഴിഞ്ഞില്ല. ജൂലൈ 10 വരെയാണ് തന്റെ വിസാ കാലാവധിയുള്ളതെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
മാര്‍ച്ച് ഒന്നിനുശേഷം അവസാനിക്കുന്ന വിസകളുടെ കാലാവധി യുഎഇ ഈ വര്‍ഷം അവസാനം വരെ നീട്ടിയിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലെ പുതിയ ചട്ടം തന്റെ യാത്രയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ രേഖകളിലെ വിസ പ്രകാരം മൂന്ന് മാസത്തില്‍ കുറവ് കാലയളവ് മാത്രമുള്ളതിനാല്‍ വിമാനക്കമ്പനികളും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും യാത്ര അനുവദിക്കില്ലെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
പത്ത് ദിവസത്തേക്ക് കണ്ണൂരിലെത്തിയ ഹഫീദ് മടക്ക ടിക്കറ്റുമായിട്ടാണ് എത്തിയത്. അത് റദ്ദാക്കേണ്ടി വന്നു. യുഎയില്‍ കുടിവെള്ള വിതരണ കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ മൂലം പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണമുണ്ടെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തിരികെ പോകേണ്ടത് അത്യാവശ്യമാണ്.
ബഹ്റൈനിലേക്കും മറ്റും കേരളത്തില്‍നിന്നു വിമാനങ്ങള്‍ പോയെങ്കിലും യുഎഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നില്ല. പ്രവാസികളെ ഒഴിപ്പിക്കാന്‍ പോകുന്ന വിമാനങ്ങളില്‍ ജോലി സംബന്ധമായി തിരികെ പോകേണ്ട മലയാളികളെ ഇവിടെനിന്നു യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹഫീദിന്റെ ആവശ്യം. അവിടെ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമുണ്ടെന്നും ഹഫീദ് പറയുന്നു.
ഇത്തരത്തില്‍ അനവധി ഇന്ത്യക്കാര്‍ യുഎഇയിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ത്യയുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ദുബായിലെ ഇന്ത്യയുടെ കൗൺസല്‍ ജനറല്‍ വിപുല്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.