മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണുര്‍ ഏഴോത്ത് മീത്തൽ പുരയില്‍ രാജന്‍ (52) ആണ് മരിച്ചത്. പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു.
ഈ മാസം മൂന്നിന് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അഞ്ചിന് എക്‌സ്‌റേ എടുക്കുകയും ന്യൂമോണിയക്കുളള ചികിത്സ തുടങ്ങുകയും ചെയ്തു. അന്ന് ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവായിരുന്നു ഫലം.
10 ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജനെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി. വെന്റിലേറ്ററുടെ സഹായത്തോടെയാണ് തുടര്‍ന്ന് ചികിത്സ നല്‍കിയത്. അവസ്ഥ മോശമാവുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. 18 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്.
Read More: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു
ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചുളള മൂന്നാമത്തെ മലയാളിയുടെ മരണമാണിത്. കഴിഞ്ഞ ദിവസം ഹൈദരബാദുകാരനായ ഡോക്ടര്‍ മരിച്ചിരുന്നു.
ആകെ 61 പേരാണ് ഇതുവരെ ബഹ്‌റൈനിൽ മരിച്ചത്. മരണനിരക്ക് വളരെ കുറവായിരുന്ന രാജ്യത്ത് കഴിഞ്ഞ ആഴ്ചകളിലാണ് കൂടുതല് മരണം റിപ്പോര്ട്ട് ചെയ്ത്. നിലവില് 5480 പേര്ക്കാണ് കോവിഡ് ബാധിച്ചിട്ടുളളത്. ഇതില് 32 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 15790 പേര് രോഗ വിമുക്തി നേടി. കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില് ബഹ്‌റൈന് ഏറെ മുന്നിലാണ്. കൊച്ചു രാജ്യമായ ബഹ്‌റൈന്റെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ ഇതിനകം കോവിഡ് ടെസ്റ്റിന് വിധേയമാക്കി.