ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പതിമൂന്ന് രാവും പകലുമാണു കടന്നുപോയത്. ആ നാളുള്‍ക്കു ശേഷം ഇതെഴുതുമ്പോള്‍ ഏറെ ശാന്തമാണ് മനസും ശരീരവും. കൊറോണ വൈറസ് ശരീരത്തെ ബാധിച്ചിട്ടില്ലെന്ന വിവരം പടര്‍ത്തിയ സന്തോഷത്തിന്റെ പ്രസരിപ്പ് അനുഭവിക്കാന്‍ കഴിയുന്നു.

ജീവിതം കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയില്‍ ഗള്‍ഫിലേക്കു കുടിയേറുന്ന അനേകായിരം പ്രവാസികളില്‍ ഒരാളാണ് ഞാനും. ലോകത്തെ കശക്കിയെറിഞ്ഞ കോവിഡ്-19 വൈറസ്, ഞാന്‍ ഇപ്പോഴുള്ള യുഎഇയെയും വല്ലാതെ ബാധിച്ചിരിക്കുന്നു.

മാര്‍ച്ച് അവസാനം മുതല്‍ വര്‍ക്ക് ഫ്രം ഹോം ഓപ്ഷനിലാണ് ജോലി ചെയ്തിരുന്നത്. അമേരിക്കയിലും സ്പെയിനിലും ഇറ്റലിയിലുമൊക്കെ രോഗം ബാധിച്ച് ആയിരക്കണക്കിനു മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും സുരക്ഷിതനാണെന്ന മൗഡ്യത്തിലായിരുന്നു ഞാന്‍. അങ്ങനെ പേടിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുമില്ല. ദുബൈലെയും ഗള്‍ഫ് നാടുകളിലെയും ലേബര്‍ ക്യാമ്പുകളില്‍ ഒരു ബെഡ് സ്പേസിലേക്ക് ചുരുങ്ങിക്കഴിയുന്ന മനുഷ്യരെക്കാളും എന്തുകൊണ്ടും സുരക്ഷിതനായിരുന്നു ഞാന്‍.

Read Also:ഇന്ത്യയിൽ ഇനി അടുത്ത കാലത്തൊന്നും ക്രിക്കറ്റ് ഉണ്ടാകില്ല: സൗരവ് ഗാംഗുലി

ത്രീ ബെഡ്റൂം അപ്പാര്‍ട്ട്മെന്റിലെ ആദ്യത്തെ മുറിയിലെ വ്യക്തിക്ക് ഏപ്രില്‍ ഒന്നിനാണു പനി പ്രത്യക്ഷപ്പെടുന്നത്. അയാള്‍ അഡ്മിറ്റായതോടെ പെട്ടെന്ന് ഭയം മനസിലുടലെടുത്തു. കോവിഡ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നു പനിയാണ്. മനസ് അശാന്തമായി. പക്ഷേ രണ്ടു ദിവസംകൊണ്ട് അദ്ദേഹം സുഖപ്പെട്ടു.

കോവിഡ് പരിശോധനയ്ക്കു സാമ്പിളുകള്‍ ശേഖരിച്ചതിനാല്‍ റിസല്‍ട്ടിനായുള്ള കാത്തിരിപ്പായി പിന്നീട്. ദിവസവും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. റിസല്‍ട്ട് നെഗറ്റീവായിരിക്കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിച്ചു. കാരണം ഏഴു ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിനു പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

ഒടുവില്‍ ഏപ്രില്‍ 10ന് ഇടിത്തീ പോലെ ആ വിവരമെത്തി, അയാള്‍ പോസിറ്റീവാണ്. ഉടനെ ഞാന്‍ ആശുപത്രിയിലെത്തി മൂക്കിലെയും തൊണ്ടയിലെയും ശ്രവം പരിശോധനയ്ക്കു നല്‍കി. പോസിറ്റീവായ വ്യക്തിയുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടാണ്ടായിരുന്ന ആളാണു ഞാന്‍. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഒരുമിച്ചായിരുന്നു. വല്ലാത്ത ഒരു ഭയം മനസിനെ മൂടി. നാലു ദിവസം കൊണ്ട് റിസല്‍ട്ട് വരും എന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്.

jestin abraham, justin abraham, covid 19, nri, dubai

വിവരമറിഞ്ഞ കമ്പനി അധികൃതര്‍ ഉടനെ എന്നെ ഷാര്‍ജയിലെ ഹോട്ടലിലേക്കു മാറ്റി ഐസൊലേറ്റ് ചെയ്തു. ഭക്ഷണവും വെള്ളവും ടിവിയും ഇന്റര്‍നെറ്റും തുടങ്ങിയ സൗകര്യങ്ങള്‍ക്കൊന്നും മുട്ടില്ലാത്ത ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റിലെ താമസം ആദ്യ ദിവസങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ പോയി.

കോവിഡ് പ്രശ്നം രൂക്ഷമായതു മുതല്‍ വീട്ടുകാര്‍ പരിഭ്രാന്തിയിലായതിനാല്‍ അവരില്‍നിന്ന് മനഃപൂര്‍വം വിവരങ്ങള്‍ മറച്ചുവച്ചു. റൂമില്‍ തന്നെയാണെന്നു കള്ളം പറഞ്ഞു. പക്ഷേ യുഎഇയില്‍ തന്നെ ജോലി ചെയ്യുന്ന കസിനെ വിവരം അറിയിച്ചിരുന്നു. അച്ചാച്ചന്‍ പരിഭ്രമിച്ചു. റിസല്‍ട്ട് വന്നോയെന്ന് അന്വേഷിച്ച് ദിവസവും രാവിലെ വിളിക്കും. ഇല്ലെന്ന് പറയുമ്പോള്‍ പേടിക്കേണ്ട, ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ അതുകൊണ്ട് പ്രശ്നങ്ങളുണ്ടാവില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ആ വാക്കുകളില്‍ അച്ചാച്ചന്‍ സ്വയം ആശ്വാസം കണ്ടെത്തുകയായിരുന്നു.

Read Also: ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം വരെ തടവുശിക്ഷ

കാര്യങ്ങള്‍ പതിവുപോലെ നടന്നു. വീട്ടില്‍ എല്ലാ ദിവസവും വിളിക്കും. ഇളയ അങ്കിളിന്റെ രണ്ടു വയസുള്ള മകനെ വീഡിയോ കോളിലൂടെ കളിപ്പിക്കും. ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. ദിവസങ്ങള്‍ കടന്നു പോകുന്നു. റിസല്‍ട്ട് വരുന്നില്ല. വല്ലാത്ത ഒരു ഭീതി മനസിനെ വീണ്ടും മൂടാന്‍ തുടങ്ങി. ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും റിസല്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.

ഐസൊലേഷനിലെ മുഷിപ്പ് ശരീരത്തെയും മനസിനെയും ബാധിച്ചു തുടങ്ങി. നാട്ടിലെ സുഹൃത്തുക്കള്‍ സുഖമല്ലേ എന്ന് മെസേജ് അയച്ചപ്പോഴും എല്ലാം നന്നായി പോകുന്നുവെന്ന് കള്ളം പറഞ്ഞു. ഇതിനിടെ യുഎഇയില്‍ കോവിഡ് പോസിസിറ്റീവ് കേസുകളുടെ എണ്ണം കൂടാന്‍ തുടങ്ങി. പലരും ലേബര്‍ ക്യാമ്പുകളില്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നുവെന്ന വാര്‍ത്ത ചില മലയാള മാധ്യമങ്ങള്‍ നല്‍കി.

പലയിടത്തും ആരോഗ്യ വിഭാഗം ടെസ്റ്റിങ് ക്യാമ്പുകള്‍ ആരംഭിക്കുകയും അനവധി പേര്‍ പോസിറ്റീവാകുകയും ചെയ്തു. ആശുപത്രികള്‍ നിറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോ എന്ന ഭയം കൂടിയായി. റിസല്‍ട്ട് കൂടി വൈകുന്നതോടെ മാനസിക സംഘര്‍ഷം മറ്റൊരു തലത്തിലെത്തി. എങ്ങനെയും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം കലശലായി.

ആരോടും ഒന്നും പറയാനാവാതെ ആ ഹോട്ടല്‍ മുറിയില്‍ ജീവിതം തള്ളിനീക്കി. യുഎഇയിലെ സുഹൃത്തുക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചും പുസ്തകങ്ങള്‍ വായിച്ചും നെറ്റ് ഫ്ളിക്സില്‍ സീരിസുകള്‍ കണ്ടും ഓരോ ദിവസം തള്ളിനീക്കാന്‍ പാടുപെട്ടു. രാവിനും പകലിനും വല്ലാതെ ദൈര്‍ഘ്യം കൂടിയതായി തോന്നി. മനസിന് ഭാരവും. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു.

ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ഭീതിയും ആശങ്കകളും സുഹൃത്തുക്കള്‍ ഫോണിലൂടെ പറഞ്ഞു. അതേസമയം, എല്ലാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ജീവിതം തള്ളി നീക്കാന്‍ പാടുപ്പെട്ടിരുന്ന എനിക്ക് ആശ്വാസമായി ഇന്നലെ രാത്രി വൈകി റിസല്‍ട്ട് വന്നു. നെഗറ്റീവ്. സന്തോഷം കൊണ്ട് തുള്ളിച്ചാടി. എല്ലാവരെയും അപ്പോള്‍ തന്നെ വിളിച്ച് വിവരം പറഞ്ഞു.

യുഎഇയിലെ 80 ശതമാനത്തില്‍ അധികം പേരും മറ്റു രാജ്യങ്ങളില്‍നിന്ന് ജോലി തേടി എത്തിയവരാണ്. ഇന്ത്യക്കാരാണ് യുഎഇയിലെ ഭൂരിഭാഗം പേരും. ഇവരില്‍ വലിയ ഒരു ശതമാനം ആളുകളും സാധാരണ ജോലികള്‍ ചെയ്യുന്നവരാണ്.

ലേബര്‍ ക്യാമ്പുകള്‍ പോലുള്ള പരിമിതമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഒരുപാടുപേര്‍. കുടുംബസമേതം ജീവിക്കുന്നവര്‍ പോലും ഒരു മുറി വീട്ടില്‍ ചുരുങ്ങി കോമണ്‍ കിച്ചണുകളിലായി ഭക്ഷണം പാകം ചെയ്ത് ഞെരുങ്ങുന്നവരാണ്. ചുരുക്കം ചിലര്‍ മാത്രമാണു നല്ല സൗകര്യങ്ങളില്‍ കഴിയുന്നത്.

Read Also: ലാബിൽ നിന്നല്ല, കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്ന്: ലോകാരോഗ്യ സംഘടന

കോറോണ വൈറസ് പടര്‍ന്നു പിടിച്ച് ദിവസങ്ങള്‍ക്കകം യുഎഇയിലെ പല എമറേറ്റുകളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഫ്റ്റീരിയകള്‍ അടച്ചു, ഹോട്ടലുകളില്‍ ടേക്ക് എവേ സംവിധാനം മാത്രം ഏര്‍പ്പെടുത്തി, ഹൂക്ക പാര്‍ലറുകളും പബുകളും അടച്ചു, അവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാം നിയന്ത്രിച്ചു. ഇതു വലിയ വിഭാഗം ആളുകളുടെ തൊഴിലിനെ എന്നേക്കുമായോ താത്കാലികമായോ ബാധിച്ചിട്ടുണ്ട്.

ഇവരില്‍ പലരും ഇന്നു ബുദ്ധിമുട്ടിലാണ്. പലരും ഒരു മാസത്തേക്ക് ജീവിക്കാനുള്ള പണം മാത്രം കയ്യില്‍ കരുതുകയും ബാക്കി നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുകയാണു പതിവ്. ഇവരുടെ സാഹചര്യങ്ങള്‍ പരിതാപകരമാണ്. പലരും ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്നുണ്ട്.

വിസിറ്റ് വിസയില്‍ ജോലി തേടി വന്നവര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, മക്കളോടൊപ്പം താമസിക്കുന്ന പ്രായമേറിയവര്‍ തുടങ്ങിയവര്‍ വല്ലാത്ത ആശങ്കയിലാണ്. മരുന്നുകള്‍ തീര്‍ന്നു പോയതും പണം ഇല്ലാതെ ബുദ്ധിമുട്ടുന്നവരും അങ്ങനെ ആയിരങ്ങള്‍. ഇവരുടെ ഏക പ്രതീക്ഷ നാട്ടിലേക്കു മടങ്ങുകയെന്നതാണ്.

ഗ്രീന്‍ കാര്‍ഡോ, പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസോ മോഹിച്ച് വന്നവര്‍ അല്ല ഇവരാരും. ജീവിക്കാനുള്ള പണം എത്രയും വേഗം സമ്പാദിച്ചു നാട്ടില്‍ മടങ്ങാന്‍ വെമ്പല്‍ കൊള്ളുന്ന ഹൃദയങ്ങളാണ് ഓരോരുത്തരും. അവരുടെ പ്രാര്‍ഥനയ്ക്കു മുന്നില്‍ ഇന്ത്യന്‍ അധികൃതര്‍ ചെവികള്‍ കൊട്ടിയടയ്ക്കരുത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook