അബുദാബി: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികള്‍ക്കു ദുബായ് ഒഴികെയുള്ള യുഎഇ എമിറേറ്റുകളിലേക്കു മടങ്ങാന്‍ ഇനി പ്രത്യേക അനുമതി ആവശ്യമില്ല. സാധുവായ വിസയുള്ളവര്‍ക്ക് ഇന്നുമുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിൽ റജിസ്റ്റർ ചെയ്ത് അനുമതിക്കായി കാത്തുനിൽക്കുന്നതായിരുന്നു ഇതുവരെയുള്ള നടപടിക്രമം. ഇനി മുതൽ യാത്രക്കാര്‍ സാധുവായ എമിറേറ്റ്‌സ് ഐഡി, പാസ്പോര്‍ട്ട് നമ്പര്‍, പൗരത്വം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ uaeentry.ica.gov.ae എന്ന വെബ്‌സൈറ്റില്‍ അപ്ഡേറ്റ് ചെയ്താൽ മതി. നാഷണല്‍ ക്രൈസിസ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ)യാണു പുതിയ നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചത്.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് യുഎഇയിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഈ സമയത്ത് യുഎഇ വിസയുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള രണ്ടു ലക്ഷത്തിലധികം പേരാണു വിദേശങ്ങളിലുണ്ടായിരുന്നത്. യുഎഇ ഭരണകൂടം നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതോടെ പ്രവാസികളും കുടുംബങ്ങളും ക്രമേണ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
Also Read: കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്‌തെന്ന അവകാശവാദം: ലോകാരോഗ്യസംഘടന പറയുന്നത്
കോവിഡ്-19 നെഗറ്റീവ് ഫലമുള്ളവരെ മാത്രമാണ് യുഎഇയിലെത്താന്‍ അനുവദിക്കുക. യാത്രക്കാര്‍ സ്വന്തം രാജ്യത്തെ അംഗീകൃത ലാബില്‍നിന്നാണു പിസിആര്‍ ശ്രവപരിശോധന നടത്തേണ്ടത്. യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളിലുള്ളതായിരിക്കണം പരിശോധനാ ഫലം.
യുഎഇയിലെത്തുന്നവര്‍ വിമാനത്താവളത്തില്‍ കോവിഡ് -19 ടെസ്റ്റിനു വിധേയരാകേണ്ടിവരും. തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നിര്‍ബന്ധമാണ്. ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഇതുസംബന്ധിച്ച ഔദ്യോഗിക ആപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുകയും വേണം.
അതേസമയം, സ്വന്തം നടപടിക്രമങ്ങളുള്ള ദുബായിലേക്കു മടങ്ങാന്‍ പ്രവാസികള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി, ഫോറിന്‍ അഫയേഴ്സ് ഇമിഗ്രേഷന്‍ എന്നിവ വഴി അപേക്ഷിക്കണം. സ്വന്തം രാജ്യത്തുനിന്നുള്ള കോവിഡ് -19 നെഗറ്റീവ് ഫലവും സമര്‍പ്പിക്കണം. ദുബായില്‍ എത്തിയശേഷമുള്ള കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ മടങ്ങിയെത്തുന്നവരെയും വിനോദസഞ്ചാരികളെയും ക്വാറന്റൈനില്‍നിന്ന് പുറത്തുവരാന്‍ അനുവദിക്കുകയുള്ളൂ.
Also Read:കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ താൽക്കാലിക വിലക്ക്
വിനോദസഞ്ചാരികള്‍ക്കു അബുദാബിയിലെത്താന്‍ ഇനിയും അനുവാദമില്ല. സ്വന്തം രാജ്യത്ത് നടത്തിയ പിസിആര്‍ അല്ലെങ്കില്‍ ഡിപിഐ രക്തപരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവായവര്‍ക്കു ദുബായില്‍ ഇറങ്ങാം. ഇതിനു മുന്‍കൂര്‍ അനുമതി ആവശ്യമില്ല.
യുഎഇയിലെ വിദ്യാലയങ്ങളുടെ വേനലവധിക്കാലം ഈ മാസം അവസാനത്തോടെ അവസാനിക്കും. അതോടൊപ്പം രാജ്യത്തെ വാണിജ്യമേഖലയും സാമൂഹിക സൗകര്യങ്ങളും സാധാരണനിലയിലേക്ക് മടങ്ങിവരുന്നതുമായ സാഹചര്യത്തിലാണു പ്രവാസികളുടെ തിരിച്ചുവരവിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതെന്ന് നാഷണല്‍ ക്രൈസിസ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി ട്വിറ്ററില്‍ കുറിച്ചു.